ഒറ്റ-ഇരട്ട നമ്പർ: വി.ഐ.പികളെ ഒഴിവാക്കിയതിനെതിരെ റോബർട്ട് വാദ്ര

ന്യൂഡൽഹി: ഡൽഹിയിൽ നടപ്പാക്കാൻ പോകുന്ന ഒറ്റ-ഇരട്ട നമ്പർ കാർ നിയമത്തിനെതിരെ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര. വി.ഐ.പികൾക്ക് ഇളവ് നൽകിയത് കാപട്യമാണെന്ന് വാദ്ര പറഞ്ഞു. ജനങ്ങളുടെ താത്പര്യത്തിനായി ഒരു നിയമം ഉണ്ടാക്കിയാൽ അത് എല്ലാവരും അനുസരിക്കണം. വി.ഐ.പികൾക്ക് ഇളവ് നൽകരുതെന്നും വാദ്ര ട്വിറ്ററിൽ പറഞ്ഞു.

ജനുവരി ഒന്നുമുതലാണ് ഡൽഹിയിലെ നിരത്തുകളിൽ ഒറ്റ-ഇരട്ട നമ്പർ വാഹന ഫോർമുല പരീക്ഷിക്കുന്നത്. ഇതനുസരിച്ച് ഒറ്റ അക്കം നമ്പറുള്ള കാറുകൾ ഒറ്റ അക്ക ദിനങ്ങളിലും ഇരട്ട അക്ക നമ്പറുള്ള കാറുകൾ ഇരട്ട അക്ക തിയതി ഉള്ള ദിവസങ്ങളിലും മാത്രമേ റോഡിൽ ഇറക്കാൻ സാധിക്കൂ. ഞായറാഴ്ചകളിൽ നിയമം ബാധകമല്ല. രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെയാണ് നിയന്ത്രണം. ലംഘിക്കുന്നവർക്ക് 2000 രൂപയാണ് പിഴ.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ, ലോക്സഭാ സ്പീക്കർ, പാർലമെൻറിൻെറ ഇരുസഭയുടെയും ഉപാധ്യക്ഷൻമാർ, അരവിന്ദ് കെജ് രിവാൾ ഒഴികെയുള്ള മുഖ്യമന്ത്രിമാർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. താനും കുടുംബവും നിയമത്തിൻെറ പരിധിയിൽ പെടുമെന്ന് കെജ് രിവാൾ അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.