ന്യൂഡല്‍ഹി: കായികരംഗത്തെ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന്, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അധ്യക്ഷനായിരുന്ന കാലത്ത് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന അഴിമതികളെക്കുറിച്ച് വാര്‍ത്താസമ്മേളനം നടത്തിയതിന്‍െറ പേരില്‍ ബി.ജെ.പി സസ്പെന്‍ഡ് ചെയ്ത ദര്‍ഭംഗ എം.പി കീര്‍ത്തി ആസാദ്.
താന്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല. ജെയ്റ്റ്ലി അസോസിയേഷന്‍ നേതൃത്വത്തിലിരിക്കെ ഈ അഴിമതിവിവരങ്ങള്‍ താന്‍ ഉന്നയിച്ചെങ്കിലും ആരും ഗൗനിച്ചില്ല. ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ വിളിച്ചാല്‍ താന്‍ ചെന്ന് തെളിവ് നല്‍കുമെന്ന് കീര്‍ത്തി വ്യക്തമാക്കി. കേസ് സി.ബി.ഐ അന്വേഷിക്കുകയാണ് വേണ്ടത്. തന്നെ കോണ്‍ഗ്രസ് സമീപിച്ചിട്ടില്ല. അഴിമതിക്കാര്യം സ്പീക്കറുടെ അനുമതിയോടെയാണ് പാര്‍ലമെന്‍റില്‍ ഉന്നയിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ പറഞ്ഞിട്ടല്ല.
താന്‍ വെളിപ്പെടുത്തിയ അഴിമതി കമ്പനികളുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ പുറത്തുവിടണം. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ സമയം ചെലവഴിക്കുന്നവര്‍ ആരോപണങ്ങള്‍ക്കു മറുപടി പറയാനും തയാറാകണം. വര്‍ഷങ്ങളായി ബി.ജെ.പിയില്‍ ഉറച്ചുനില്‍ക്കുന്ന തനിക്കെതിരെ പ്രചാരണം അഴിച്ചുവിടുന്നത് പാര്‍ട്ടിയിലെ അസൂയക്കാരാണ്. താന്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, പറഞ്ഞിട്ടില്ല. ഡി.ഡി.സി.എ തട്ടിപ്പ് അന്വേഷിച്ച സംഘം ആവശ്യപ്പെട്ട രേഖകള്‍ പലതും നല്‍കിയിട്ടില്ളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.