ജനകീയാടിത്തറ വിപുലമാക്കാന്‍ സി.പി.എം തീരുമാനം

കൊല്‍ക്കത്ത : സി.പി.ഐ എമ്മിന്‍റെ ജനകീയാടിത്തറ വിപുലമാക്കാനും എല്ലാവിഭാഗം ജനങ്ങളുമായുമുള്ള ബന്ധം സുദൃഢമാക്കാനും കൊല്‍ക്കത്തയില്‍ നടക്കുന്ന പാര്‍ട്ടി പ്ളീനത്തില്‍ തീരുമാനം. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ എല്ലാവിഭാഗത്തെയും സംഘടിപ്പിച്ച് പാര്‍ട്ടിയുടെ സംഘടനാശേഷി വര്‍ധിപ്പിക്കാനുള്ള നവീനമാര്‍ഗങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്ളീനത്തില്‍ അവതരിപ്പിച്ച സംഘടനാ കരട് പ്രമേയത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലിനും വേതനത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്കോപ്പം സാമൂഹികമായ അടിച്ചമര്‍ത്തല്‍ നേരിടുന്നവരുടെ അവകാശസമരങ്ങളും സി.പി.ഐ.എം ശക്തമാക്കും.

തൊഴിലാളികള്‍ കൂടാതെ വിദ്യാര്‍ഥികള്‍,യുവാക്കള്‍, അധ്യാപകര്‍,അഭിഭാഷകര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ പ്രൊഫഷണല്‍ തൊഴിലുകള്‍ എടുക്കുന്നവരുമായും അസോസിയേഷനുകളുമായും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കും. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ നടത്താനുതകുംവിധം സംഘടനാശേഷി വര്‍ധിപ്പിക്കുകയാണ് പ്ളീനത്തിന്‍്റെ ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു. നവലിബറല്‍ നയം സൃഷ്ടിച്ച ഘടനാപരമായ മാറ്റങ്ങളെ ചെറുക്കാന്‍ പുതിയവഴികള്‍ തേടും. നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയവല്‍ക്കരണത്തിനുമെതിരെ ബദല്‍ സൃഷ്ടിക്കലാണ് ലക്ഷ്യം. പാര്‍ടി സംഘടന ശക്തമാക്കാതെ ഇതിനായുള്ള പ്രക്ഷോഭം സാധ്യമാകില്ല. സാമ്പത്തിക ചൂഷണത്തിനെതിരായും സാമൂഹ്യചൂഷണത്തിനെതിരായും പോരാട്ടം ശക്തിപ്പെടുത്തും. എഴു ശതമാനം തൊഴിലാളികള്‍ മാത്രമാണ് സംഘടിത മേഖലയിലുള്ളത്. 93 ശതമാനവും അസംഘടിതമേഖലയില്‍ കരാര്‍, താല്‍ക്കാലിക തൊഴിലുകള്‍ ചെയ്യന്നവരാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.