ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ കേന്ദ്രം പ്രതിബദ്ധമാണെന്ന സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മയുടെ പ്രസ്താവന ബി.ജെ.പിയേയും മോദിസര്‍ക്കാറിനെയും വെട്ടിലാക്കി. കേന്ദ്ര നേതൃത്വം ഇടപെട്ട് മന്ത്രിയെക്കൊണ്ട് വാക്കുകള്‍ മാറ്റിപ്പറയിച്ചു. കോടതിയെ അനുസരിക്കുമെന്ന് ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാറിനും വേണ്ടി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വിശദീകരിക്കുകയും ചെയ്തു.
അയോധ്യയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ്, മുമ്പും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള മഹേഷ് ശര്‍മ മനസ്സു തുറന്നത്. ഏറ്റവും നേരത്തെ രാമക്ഷേത്രം പണിയുന്നത് ജനങ്ങളുടെ സ്വപ്നമാണ്. ഇതിന് ബി.ജെ.പിക്കും സര്‍ക്കാറിനും അനുകൂലമായി ജനവിധിയുണ്ട്. രാമക്ഷേത്രം പണിയണം. പക്ഷേ, കോടതി വിധിയോ സമവായമോ വേണം. അതുകൊണ്ടാണ് സമയമെടുക്കുന്നത് -മന്ത്രി പറഞ്ഞു.
അഭിപ്രായ പ്രകടനം വിവാദമായതോടെ മന്ത്രി വാക്കു തിരുത്തി. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ തന്നെ അധികാരപ്പെടുത്തിയിട്ടില്ല. മുതിര്‍ന്ന നേതാക്കളോ സര്‍ക്കാറോ ആണ് തീരുമാനമെടുക്കുന്നത്. കോടതിവിധിയോ സമുദായങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയോ ഉണ്ടാകുന്നതുവരെ ഇന്നത്തെ നില ബി.ജെ.പി പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അയോധ്യ കേസ് കോടതി മുമ്പാകെയാണെന്ന് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. കോടതിയുടെ നിര്‍ദേശാനുസൃതം നടപടി സ്വീകരിക്കും. ഇതൊരു രാഷ്ട്രീയേതര വിഷയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അയോധ്യയില്‍ വിശാലമായ മ്യൂസിയം നിര്‍മിച്ചുവരുകയാണെന്നും കഴിഞ്ഞ ദിവസം മഹേഷ് ശര്‍മ പറഞ്ഞിരുന്നു. രാമന്‍െറ വാനപ്രസ്ഥ യാത്രാപഥ പദ്ധതിക്കായി കേന്ദ്രം 170 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രാമതത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ പദ്ധതി സഹായിക്കും. ദാദ്രിയില്‍ അടിച്ചുകൊന്ന അഖ്ലാകിന്‍െറ വീട്ടില്‍നിന്ന് കിട്ടിയത് ബീഫാണെന്ന വാദവും മന്ത്രി നടത്തി. ആട്ടിറച്ചിയാണെന്ന് യു.പി മൃഗസംരക്ഷണ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കേ തന്നെയാണ് മന്ത്രിയുടെ അഭിപ്രായ പ്രകടനം.
രാമക്ഷേത്രത്തിനു വേണ്ടിയു ള്ള രണ്ടു ലോഡ് കല്ലുകള്‍ വി.എച്ച്.പി അയോധ്യയില്‍ എത്തിച്ചത് അടുത്തയിടെയാണ്. ഇത് രാജ്യവ്യാപകമായി ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനുമുമ്പ് യു.പിയില്‍ വര്‍ഗീയ അസ്വസ്ഥത സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ രാജ്യസഭ സ്തംഭിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.