കടല്‍ക്കൊല കേസ് ഒതുക്കുന്നു

ന്യൂഡല്‍ഹി: അഞ്ചാം വര്‍ഷത്തോടടുക്കുന്ന കടല്‍ക്കൊല കേസ് ഒതുക്കി ഇറ്റലിയുമായി സൗഹാര്‍ദം പുന$സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അണിയറ നീക്കത്തില്‍. കേരളത്തിന്‍െറ പുറംകടലില്‍ മലയാളികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ പിടിയിലായവരില്‍ ഇപ്പോഴും ഡല്‍ഹിയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികനെ ഉപാധികള്‍ക്കു വിധേയമായി വിട്ടയക്കാനുള്ള നീക്കമാണ് നടക്കുന്നത്.

യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കെടുക്കാന്‍ പാകത്തിലുള്ള നടപടികൂടിയാണിത്. രണ്ട് ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസ് ഇപ്പോള്‍ രണ്ടിടത്താണ് പരിഗണിക്കപ്പെടുന്നത്. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനു പുറമെ, അന്താരാഷ്ട്ര സമുദ്രനിയമ ട്രൈബ്യൂണലില്‍ ഇറ്റലിയുടെ പരാതിയും നിലനില്‍ക്കുന്നു. കടല്‍ക്കൊല കേസില്‍ ഇന്ത്യ സ്വീകരിച്ച നിലപാടില്‍ രോഷമുള്ള ഇറ്റലി അന്താരാഷ്ട്ര തലത്തില്‍ വാണിജ്യതാല്‍പര്യങ്ങള്‍ക്കും മറ്റും ഇടങ്കോലിടുന്നെന്നും അത് പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമാണ് പ്രശ്നം ഒതുക്കാന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

രണ്ടു പ്രതികളില്‍ ഇറ്റലിയിലേക്ക് ചികിത്സക്കുപോയ ലത്തോറെ മാര്‍സി മിലാനോ തിരിച്ചുവന്നിട്ടില്ല. രണ്ടാമത്തെ പ്രതി സാല്‍വതോര്‍ ഗിറോണിനെക്കൂടി വിട്ടയക്കാനാണ് നീക്കം. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ നയതന്ത്ര സൗഹാര്‍ദം മോദിസര്‍ക്കാറിന് സ്വന്തംനിലക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമുണ്ട്. അന്താരാഷ്ട്ര ട്രൈബ്യൂണലിന്‍െറ തീര്‍പ്പിന് വിധേയമായി നാവികരെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന ഉപാധി മുന്നോട്ടുവെച്ചുകൊണ്ട് സാല്‍വതോറിനെ വിടാനുള്ള ആലോചനയാണ് പുരോഗമിക്കുന്നത്.

ഇതിന് പകരമായി ചില ആവശ്യങ്ങള്‍ ഇറ്റലിക്കു മുന്നില്‍ ഇന്ത്യ വെക്കും. കയറ്റുമതിയെ നിയന്ത്രിക്കുന്ന നാലു പ്രധാന ഗ്രൂപ്പുകളില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളോടുള്ള എതിര്‍പ്പ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും. ആണവദാതാക്കളുടെ സംഘം, മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ സംഘം, ആസ്ട്രേലിയ ഗ്രൂപ്, വാസനാര്‍ അറേഞ്ച്മെന്‍റ് എന്നിവയില്‍ അംഗത്വത്തിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ഇറ്റലിയുടെ ഇടങ്കോല്‍ ഇപ്പോഴുള്ളത്. ഈ ചേരികള്‍ക്കിടയില്‍ ഇറ്റലിക്ക് ഗണ്യമായ സ്വാധീനമുണ്ട്.

ഈ വിഷയങ്ങളില്‍ രണ്ടു രാജ്യങ്ങളുടെയും ഭരണനേതൃത്വങ്ങള്‍ തമ്മില്‍ പിന്നാമ്പുറ ധാരണ ഉണ്ടായാല്‍, സാല്‍വതോര്‍ ഇറ്റലിക്ക് പോകുന്നതിനെ സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കില്ല. അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഇന്ത്യക്ക് അനുകൂലമായി നിലപാടെടുത്താല്‍ രണ്ടു പ്രതികളും സുപ്രീംകോടതിയില്‍ വിചാരണ നേരിടണമെന്ന ഉപാധി വെക്കും. ട്രൈബ്യൂണലിലെ സാഹചര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമല്ളെന്നിരിക്കത്തെന്നെയാണിത്.

2012 ഫെബ്രുവരി 15നാണ് എന്‍റിക ലക്സിയെന്ന കപ്പലില്‍നിന്ന് വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയിലാണ് രാഷ്ട്രീയ വിഷയംകൂടിയായി മാറിയ കടല്‍ക്കൊല കേസിലെ പുതിയ കരുനീക്കങ്ങള്‍. കടല്‍ക്കൊല കേസില്‍ യു.പി.എ സര്‍ക്കാര്‍ നടത്തിയ ചില ഒളിച്ചുകളികള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ വിഷമത്തിലാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.