ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് മൈസൂരുവില്‍

ബംഗളൂരു: ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്‍െറ 103ാമത് പതിപ്പ്  ജനുവരി മൂന്നു മുതല്‍ കര്‍ണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരുവില്‍ നടക്കും. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര സമ്മേളനമാണിത്.
മൈസൂരു യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന കോണ്‍ഗ്രസില്‍ ശാസ്ത്ര സംവാദങ്ങള്‍, സെമിനാറുകള്‍, പ്രബന്ധ അവതരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ശാസ്ത്ര കോണ്‍ഗ്രസ്, യുവ ശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ്, ഐ.എസ്.സി.എ അവാര്‍ഡ്, ശാസ്ത്ര പ്രതിഭകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍, ശാസ്ത്ര ക്ളാസുകള്‍ എന്നിവയുണ്ടാകും.
13 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് പ്രസിദ്ധമായ ശാസ്ത്ര കോണ്‍ഗ്രസ് വീണ്ടും കര്‍ണാടകയില്‍ നടക്കുന്നത്. ‘തദ്ദേശീയ വികസനത്തിന് ശാസ്ത്ര-സാങ്കേതിക വിദ്യ’ എന്നതാണ് കോണ്‍ഗ്രസിന്‍െറ പ്രമേയം. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 500ഓളം പ്രമുഖ ശാസ്ത്രജ്ഞര്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, വ്യവസായസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് 15,000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്‍െറ ഭാഗമായി നടത്തുന്ന ശാസ്ത്ര പ്രദര്‍ശനമായ ‘പ്രൈഡ് ഓഫ് ഇന്ത്യ എക്സ്പോ’യില്‍ പൊതു-സ്വകാര്യ മേഖലകളില്‍നിന്നായി 450 കമ്പനികള്‍ പങ്കെടുക്കും. പ്രദര്‍ശനത്തിന് 20,000 സന്ദര്‍ശകര്‍ എത്തുമെന്നാണ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.