ന്യൂഡല്‍ഹി: ഇറോം ശര്‍മിള ഭക്ഷണം കഴിച്ചിട്ട് വര്‍ഷം 15 കഴിഞ്ഞു. 2000 നവംബര്‍ നാലിന് തുടങ്ങിയ ഉണ്ണാവ്രതം 43കാരിയായ അവര്‍ ഇന്നും തുടരുന്നു. ശാരീരികമായി തളര്‍ന്ന ഇറോം ശര്‍മിള എല്ലുംതോലുമായി മാറി. എന്നാല്‍, അതിനുള്ളിലെ മനോവീര്യത്തിന് ഒട്ടും കുറവില്ല. സുരക്ഷാഭീഷണിയുടെ പേരില്‍ ആരെയും വെടിവെച്ചിടാനും പിടിച്ചുകൊണ്ടുപോകാനും സൈന്യത്തിന് അധികാരം നല്‍കുന്ന സേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ) എടുത്തുകളയണമെന്ന ശര്‍മിളയുടെ ആവശ്യത്തില്‍ ചര്‍ച്ചക്കുപോലും സര്‍ക്കാര്‍ തയാറല്ല.
ഒന്നര പതിറ്റാണ്ട് നീണ്ട സഹനസമരം ലോകത്തിന്‍െറയാകെ അനുകമ്പ നേടിയിട്ടും കേന്ദ്രം അനങ്ങാപ്പാറനയം തുടരുമ്പോള്‍ സഹനസമരത്തിന്‍െറ ആള്‍രൂപത്തിന് കുലുക്കമില്ല. ‘ലക്ഷ്യംനേടാതെ പിന്നോട്ടില്ല. ഒരുനാള്‍ വരും. അന്ന് തന്‍െറ ആവശ്യം അംഗീകരിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിരാവുകതന്നെ ചെയ്യും’ -സമരത്തിന്‍െറ 15ാം വാര്‍ഷികത്തില്‍ ഐക്യദാര്‍ഢ്യം അറിയിക്കാനത്തെുന്നവരോട് ഇറോം ശര്‍മിള പങ്കുവെക്കുന്നത് പോരാട്ടത്തിന്‍െറ അണയാത്ത തീജ്ജ്വാലയാണ്.
ഇംഫാലിനടുത്ത് മലോം താഴ്വരയില്‍ 10 പേരെ സൈന്യം കൂട്ടക്കൊല നടത്തിയ സംഭവത്തെ തുടര്‍ന്ന് 2000 നവംബര്‍ നാലിനാണ് ഇംഫാലില്‍ ശര്‍മിള നിരാഹാരസമരം തുടങ്ങിയത്. മൂന്നുദിവസം കഴിഞ്ഞ് പൊലീസ് ശര്‍മിളയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. സമരം അവസാനിപ്പിക്കാന്‍ പൊലീസും കോടതിയുമെല്ലാം അവരോട് ആവര്‍ത്തിച്ച് പറഞ്ഞു. തീവ്രവാദവേട്ടയുടെ പേരില്‍ സേനയുടെ നരനായാട്ടിന് ബലംപകരുന്ന കരിനിയമം പിന്‍വലിക്കാതെ അന്നപാനീയം കഴിക്കില്ളെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ മൂക്കിലൂടെ പൈപ്പ് ഘടിപ്പിച്ച് ദ്രവരൂപത്തില്‍ ആഹാരം നല്‍കി. അത് ഇന്നും തുടരുന്നു.
ഇംഫാലിലെ ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന ശര്‍മിളയെ ഓരോവര്‍ഷത്തെ ഇടവേളക്കുശേഷം വിട്ടയക്കും. അന്നുതന്നെ വീണ്ടും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലാക്കും. വര്‍ഷങ്ങളായി ഈ പതിവ് തുടരുന്നു. ആശുപത്രിയില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതിനടക്കം ശര്‍മിളക്ക് കടുത്ത നിയന്ത്രണങ്ങളുണ്ട്.
ജന്തര്‍ മന്ദറില്‍ നിരാഹാരസമരം നടത്തിയതിന്‍െറ പേരില്‍ ആത്മഹത്യാശ്രമത്തിന് കേസെടുക്കുകയാണ് ഡല്‍ഹി പൊലീസ് ചെയ്തത്. കേസിന്‍െറ വിചാരണക്കായി കഴിഞ്ഞവര്‍ഷം ഡല്‍ഹിയിലത്തെിയ ഇറോം ശര്‍മിളയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇഷ്ടമുള്ള ഭക്ഷണം അല്‍പം രുചിച്ചുനോക്കാന്‍ തോന്നാറില്ളേ? ശര്‍മിളയുടെ മറുപടി ഇതായിരുന്നു. ‘അതെ. നിങ്ങളെപ്പോലെ ഭക്ഷണംകഴിച്ച് കഴിഞ്ഞിരുന്നയാളാണ് ഞാനും. പക്ഷെ, എന്‍െറ നാട്ടുകാര്‍ക്ക് വെടിയുണ്ടയെ ഭയക്കാതെ ജീവിക്കാനുള്ള അവകാശത്തേക്കാള്‍ വലുതല്ല, ഇഷ്ടഭക്ഷണം കഴിക്കാനുള്ള എന്‍െറ ആഗ്രഹം’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.