ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുതയില്ളെന്നുവാദിച്ച് സര്‍ക്കാര്‍ അനുകൂല സിനിമക്കാര്‍ നടത്തിയ റാലിക്കിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു. വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെ ദേശീയ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുന്ന എഴുത്തുകാര്‍ രാജ്യത്തിന്‍െറ പ്രതിച്ഛായക്ക് കളങ്കമേല്‍പിച്ചെന്നാരോപിച്ച് ബോളിവുഡ് താരം അനുപം ഖേറിന്‍െറ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ പങ്കെടുത്തവരാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ ഭൈരവി സിങ്ങിനെ തടഞ്ഞുവെക്കുകയും അസഭ്യംപറയുകയും പിന്തുടരുകയും ചെയ്തത്.
അസഹിഷ്ണുത വിഷയത്തില്‍ ഇന്ത്യന്‍ കലാലോകം രണ്ടു തട്ടിലായി എന്ന് പറഞ്ഞതോടെ അഭിസാരിക എന്നു വിളിച്ച് മുന്നോട്ടാഞ്ഞ റാലിക്കാര്‍ ഭൈരവിയോട് ചോദ്യങ്ങളുമായി തട്ടിക്കയറുകയും കൈയേറ്റം ചെയ്യാന്‍ മുതിരുകയുമായിരുന്നു. പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. റാലിക്കാരുടെ നടപടി അംഗീകരിക്കാനാവില്ളെന്നും ഭൈരവിയുടെ ധൈര്യത്തെ ബഹുമാനിക്കുന്നുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു.
ഏറെ സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യയെന്നും വ്യാജ മതേതരവാദികളാണ് മറിച്ചുള്ള പ്രചാരണത്തിനു പിന്നിലെന്നും ആരോപിച്ച് സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍, അശോക് പണ്ഡിറ്റ്, മനോജ് ജോഷി, അഭിജിത് ഭട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജന്‍പഥില്‍നിന്ന് രാഷ്ട്രപതിഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് പിന്തുണയുമായി കേരളത്തില്‍നിന്ന് സംവിധായകന്‍ പ്രിയദര്‍ശനുമത്തെിയിരുന്നു. അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്ന എഴുത്തുകാര്‍ സ്കൂള്‍കുട്ടികളെപ്പോലെ വാശികാണിക്കുകയാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അവര്‍ പേനയുടെ ശക്തി ഉപയോഗിക്കുകയാണ് വേണ്ടത്. അസഹിഷ്ണുകരമായ സംഭവങ്ങള്‍ ഇന്നോ ഇന്നലെയോ ഉണ്ടായതല്ളെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന പ്രചാരണത്തെ നിരാകരിക്കുന്ന നിരവധി എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരുമായി തങ്ങള്‍ സംസാരിച്ചെന്നും അവരുള്‍പ്പെടെ രാജ്യം നേര്‍വഴിയില്‍തന്നെയെന്നു വിശ്വസിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രതീകാത്മകമായാണ് മാര്‍ച്ച് സംഘടിപ്പിച്ചതെന്നും അനുപം ഖേര്‍ പറഞ്ഞു. അവാര്‍ഡ് തിരിച്ചുനല്‍കിയ സിനിമക്കാരില്‍ പലരും അധികാരമേല്‍ക്കും മുമ്പേതന്നെ മോദിയെ എതിര്‍ത്തുപോരുന്നവരാണെന്ന് മധൂര്‍ ഭണ്ഡാര്‍ക്കര്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.