ജമ്മു–കശ്മീരിന് 80,000 കോടിയുടെ പാക്കേജ്

ശ്രീനഗര്‍: ജമ്മു-കശ്മീരിന് കേന്ദ്രസര്‍ക്കാര്‍ 80,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ജമ്മു-കശ്മീരിനെ നവീനവും പുരോഗമനപരവും സമൃദ്ധവുമായ സംസ്ഥാനമായി വളര്‍ത്തിയെടുക്കുമെന്നും കശ്മീര്‍ സന്ദര്‍ശനത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കശ്മീരി ജനതയുടെ സാമൂഹികാവബോധവും സാംസ്കാരിക മൂല്യങ്ങളും ജനാധിപത്യവും മാനവികതയും ഉയര്‍ത്തിപ്പിടിക്കാനുള്ള മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ വാക്കുകള്‍ പിന്തുടരുമെന്നും മോദി പറഞ്ഞു. കശ്മീരിനെ സംബന്ധിച്ച് ആരുടെയും ഉപദേശം ആവശ്യമില്ല. കശ്മീരില്ലാതെ ഇന്ത്യ അപൂര്‍ണമാണ്. സൂഫി പാരമ്പര്യം പിറവിയെടുത്ത ഈ മണ്ണില്‍നിന്നാണ് ഏകത്വവും ഒരുമിച്ചുനില്‍ക്കുന്നതിന്‍െറ കരുത്തും നാം മനസ്സിലാക്കിയത്.
പ്രധാനമന്ത്രിയായശേഷം കശ്മീരിലെ രണ്ടാമത്തെ റാലിയില്‍ സംസാരിക്കവേ ഇത് അവസാനമല്ളെന്നും ഖജനാവ് മാത്രമല്ല, തങ്ങളുടെ ഹൃദയങ്ങളും കശ്മീരികള്‍ക്കായി തുറന്നിരിക്കുകയാണെന്നും മോദി പറഞ്ഞു. താന്‍ പ്രഖ്യാപിച്ച പാക്കേജ് കശ്മീരികളുടെ വിധി നിര്‍ണയിക്കാന്‍ നിര്‍ണായകമാകുമെന്നും മോദി പ്രത്യാശിച്ചു. രണ്ടു തലമുറയുടെ സ്വപ്നങ്ങള്‍ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിയില്‍ പൊലിഞ്ഞുപോയി. എന്നാല്‍, താന്‍ ശുഭാപ്തിവിശ്വാസിയാണ്. മുന്നോട്ടുപോകാനാകുമെന്നും സംസ്ഥാനത്തിന്‍െറ വികസനം സാധ്യമാകുമെന്നും പ്രതീക്ഷയുണ്ട്. വിനോദസഞ്ചാര മേഖല വികസിപ്പിക്കേണ്ടതിന്‍െറയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്‍െറയും ആവശ്യകത മോദി ഊന്നിപ്പറഞ്ഞു. സംസ്ഥാനം സാധാരണഗതിയിലാക്കാനുള്ള പി.ഡി.പി-ബി.ജെ.പി സര്‍ക്കാറിന്‍െറ ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജനത ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ടെന്നതിന് തെളിവാണ് ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ ജനപങ്കാളിത്തം. കശ്മീരികള്‍ക്ക് പ്രശ്നകലുഷിതമായ ഭൂതകാലത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനാകില്ളെന്ന് കരുതേണ്ടതില്ല. കശ്മീര്‍ ഇന്ത്യയുടെ അഭിമാനവും യശസ്സുമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. റമ്പാന്‍ ജില്ലയില്‍ 450 മെഗാവാട്ട് വൈദ്യുതിപദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ജമ്മു-കശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സന്ദര്‍ശനം സമാധാനകരമാണെന്നുറപ്പാക്കാന്‍ പൊലീസിനെയും പാരാമിലിട്ടറി സേനയെയും വിന്യസിച്ചു. മോദിയുടെ റാലി നടന്ന ഷേറെ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയം വന്‍ സുരക്ഷാവലയത്തിലായിരുന്നു.
എല്ലാ വ്യാപാരസ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും അടച്ചിട്ടു. വിഘടനവാദി നേതാവ് സഈദ് അലി ഷാ പ്രധാനമന്ത്രിയുടെ റാലിക്ക് സമാന്തരമായി റാലിക്ക് ആഹ്വാനം ചെയ്തതും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കാരണമായി. ഗീലാനി, മീര്‍വാഇസ് ഉമര്‍ ഫാറൂഖ് തുടങ്ങി വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. 200ഓളം പേരെ കരുതല്‍ തടങ്കലിലാക്കി. ശനിയാഴ്ച രാവിലെ 10 മുതല്‍ പ്രധാനമന്ത്രി താഴ്വര വിട്ടുപോകുന്നതുവരെ മൊബെല്‍ ഇന്‍റര്‍നെറ്റ് തടസ്സപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ബി.എസ്.എന്‍.എല്ലില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമായിരുന്നു.
അതിനിടെ, പ്രധാനമന്ത്രിയുടെ റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമിച്ച സ്വതന്ത്ര എം.എല്‍.എ ശൈഖ് അബ്ദുല്‍ റാഷിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷേറെ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്ത് റാലി നടത്തുമെന്ന് പ്രഖ്യാപിച്ച എം.എല്‍.എയെ വസതിക്ക് മുന്നില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.