ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലും മോദിക്ക് കടമ്പ

അഹ്മദാബാദ്: ബിഹാർ തെരഞ്ഞെടുപ്പിലെ തിരിച്ചടി രണ്ടാഴ്ചക്കുശേഷം ഗുജറാത്തിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും കനത്ത വെല്ലുവിളിയാകും. ഈ മാസം 22നും 29നുമാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. 22ന് ആറ് മുനിസിപ്പൽ കോർപറേഷനുകളിലേക്കാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. 56 നഗരസഭകളിലേക്കും 31 ജില്ലാ പഞ്ചായത്തുകളിലേക്കും 230 താലൂക്ക് പഞ്ചായത്തുകളിലേക്കും 29നാണ് തെരഞ്ഞെടുപ്പ്.

നിലവിൽ ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിൽ നന്നായി വിയർക്കേണ്ടിവരും. സംസ്ഥാനത്തെ പ്രബലരായ പട്ടേൽ സമുദായം ഇടഞ്ഞുനിൽക്കുന്നത് മോദിയെയും അമിത് ഷായെയും അലട്ടുന്നു. പട്ടേൽ സമുദായത്തിന് ഒ.ബി.സി പദവിക്കായി സമരം നടത്തുന്ന പാട്ടിദാർ അനാമത്ത് ആന്ദോളൻ സമിതിയുടെ (പി.എ.എ.എസ്) നേതാവ് 22കാരനായ ഹാർദിക് പട്ടേൽ കഴിഞ്ഞ ദിവസം കോൺഗ്രസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. മറ്റൊരു പട്ടേൽ വിഭാഗമായ സർദാർ പട്ടേൽ ഗ്രൂപ് (എസ്.പി.ജി) ബി.ജെ.പിക്ക് ഒഴികെ ആർക്കും വോട്ടുചെയ്യാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

സംവരണ സമരം നടത്തിയതിന് ഹാർദിക്കിനെതിരെ 115 കേസുകളാണ് ചുമത്തിയിരിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഹാർദിക് ഇപ്പോൾ. ഹാർദിക്കിെൻറ അറസ്റ്റിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കോൺഗ്രസിന് വോട്ടുചെയ്താലും നോട്ടയിൽ കുത്തി പാഴാക്കരുതെന്നാണ് എസ്.പി.ജി നേതാവ് ആഹ്വാനം ചെയ്തത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.