തോല്‍വിയില്‍ മുഖംമങ്ങിയ മോദി ബ്രിട്ടനിലേക്ക്

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന്‍െറ മുഖംമങ്ങി. മോദിക്ക് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം.
ഈ മാസം 12, 13, 14 തീയതികളിലാണ് ബ്രിട്ടന്‍ സന്ദര്‍ശനം. ഒമ്പതു വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രിട്ടനില്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും സ്വാധീനംചെലുത്താന്‍ ശേഷിയുള്ള നാടെന്നനിലയില്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രധാനമന്ത്രി ഈ സന്ദര്‍ശനത്തിന് ഒരുങ്ങിയത്. ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യല്‍, നിക്ഷേപം ആകര്‍ഷിക്കല്‍, പ്രവാസി സമൂഹവുമായുള്ള ആശയവിനിമയം തുടങ്ങി വിപുല പദ്ധതിയാണ് മോദി തയാറാക്കിയിരുന്നത്. അതിനിടയിലാണ് ബിഹാറിലെ തിരിച്ചടി. 18 മാസംമുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ജയം വഴി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മോദിക്ക് ബിഹാറിലെ തോല്‍വിമൂലം സങ്കോചത്തോടെയാണ് അന്താരാഷ്ട്രനേതാക്കളെ അഭിമുഖീകരിക്കേണ്ടിവരുക എന്നാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, എലിസബത്ത് രാജ്ഞി എന്നിവരുമായി നടത്തുന്ന കൂടിക്കാഴ്ചക്കൊപ്പം ബ്രിട്ടീഷ് പാര്‍ലമെന്‍റിനെയും വ്യവസായികളെയും 60,000 വരുന്ന ഇന്ത്യന്‍ പ്രവാസികളെയും മോദി അഭിസംബോധന ചെയ്യുന്നുണ്ട്. ആഭ്യന്തര പ്രതിസന്ധിമൂലം മുഖംമങ്ങിയ കൂടിക്കാഴ്ചയായി ഇത് മാറുമെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ആഭ്യന്തരമായി പ്രധാനമന്ത്രിയുടെ കരുത്തിന് ഇടിവുതട്ടിയെന്ന് ഡെയ്ലി ടെലിഗ്രാഫ്, ദി ഇന്‍ഡിപെന്‍ഡന്‍റ് തുടങ്ങിയ പത്രങ്ങള്‍ അഭിപ്രായപ്പെട്ടു. പരിഷ്കരണത്തിനും നിക്ഷേപസമാഹരണത്തിനുമുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് തോല്‍വിയെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിലയിരുത്തി. മോദിക്കെതിരായ പ്രതിഷേധത്തിനും ബ്രിട്ടന്‍ വേദിയാവുകയാണ്.
ഇന്ത്യയിലെ ആഭ്യന്തരകാര്യങ്ങള്‍ നയതന്ത്രബന്ധങ്ങളില്‍ പ്രതിഫലിക്കാതിരിക്കാന്‍ ബ്രിട്ടന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 15,000 കോടി ഡോളര്‍ വരുന്ന വ്യാപാര-നിക്ഷേപ ഉടമ്പടികള്‍ പ്രശ്നരഹിതമായി മുന്നോട്ടുനീക്കുമെന്ന് ബ്രിട്ടീഷ് ഭരണകൂടം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.