ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടുനൽകി വിചാരണ കോടതി. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് നടപടി. മൂന്നുദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. അഞ്ചുദിവസം കസ്റ്റഡിയിൽ നൽകണമെന്ന സി.ബി.ഐയുടെ ആവശ്യം നിരസിച്ച കോടതി കെജ്രിവാളിനെ ജൂൺ 29ന് കോടതിയിൽ ഹാജരാക്കണമെന്നും സി.ബി.ഐക്ക് നിർദേശം നൽകി.
സി.ബി.ഐ നേരത്തേ സാക്ഷിയാക്കിയ ആൾ പെട്ടെന്ന് എങ്ങനെ പ്രതിയാകുമെന്ന് കെജ്രിവാളിന്‍റെ അഭിഭാഷകർ കോടതിയിൽ ചോദിച്ചു. എന്നാൽ, മദ്യനയ രൂപവത്കരണത്തിന് ചുക്കാൻ പിടിച്ചത് ഡൽഹി മുഖ്യമന്ത്രിയാണെന്നും ദക്ഷിണേന്ത്യൻ സംഘം തയാറാക്കിയ റിപ്പോർട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നുവെന്നും സി.ബി.ഐ കോടതിയിൽ പറഞ്ഞു. പുതിയ മദ്യനയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആശയമായിരുന്നുവെന്ന് കെജ്രിവാള്‍ പറഞ്ഞതായി സി.ബി.ഐ കോടതിയിൽ അറിയിച്ചു. അതേസമയം സി.ബി.ഐയുടെ വാദങ്ങള്‍ കെജ്രിവാള്‍ നിഷേധിച്ചു. മനീഷ് സിസോദിയയെ കുറ്റപ്പെടുത്തുന്നതരത്തില്‍ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ, ജാമ്യം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജി കെജ്രിവാള്‍ സുപ്രീംകോടതിയില്‍നിന്ന് പിന്‍വലിച്ചു. സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ പുതിയ ഹരജി സമർപ്പിക്കുമെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് സിങ്‍വി പറഞ്ഞു.
ചൊവ്വാഴ്ച രാത്രി തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്തശേഷം ബുധനാഴ്ച രാവിലെയാണ് കെജ്രിവാളിനെ സി.ബി.ഐ ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്. കോടതിമുറിയില്‍ ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയശേഷം അറസ്റ്റിലേക്ക് നയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് അറസ്റ്റിന് അനുമതി നല്‍കിയത്.
കെജ്രിവാളിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിത ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.