ന്യൂഡല്‍ഹി: ബിഹാര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്നതിനെക്കുറിച്ച് ബി.ജെ.പിയില്‍ വാക്പോര് മുറുകി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷാക്കുമെതിരെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങിയതോടെയാണ് പാര്‍ട്ടിയില്‍ പോര് മൂര്‍ച്ഛിച്ചത്.
അതേസമയം, മോദിയെയും അമിത് ഷായെയും പ്രതിരോധിക്കാന്‍ ദേശീയ നേതൃത്വത്തിലെ രണ്ടാംനിര നേതാക്കള്‍ രംഗത്തിറങ്ങി. നേതൃത്വത്തെ പിന്തുണച്ച് തിങ്കളാഴ്ച രാത്രി വൈകി മൂന്ന് മുന്‍ പാര്‍ട്ടി പ്രസിഡന്‍റുമാര്‍ പുറപ്പെടുവിച്ച പ്രസ്താവനക്ക് പുറമെ ചൊവ്വാഴ്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇരുവരെയും ന്യായീകരിച്ചു.
അദ്വാനി നേതൃത്വത്തിലുണ്ടായിരുന്നപ്പോഴും ബി.ജെ.പി പരാജയപ്പെട്ടിരുന്നെന്ന് ഗഡ്കരി പറഞ്ഞു. അമിത് ഷാ പ്രസിഡന്‍റ് പദവി ഒഴിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയത്തിന് മോദിയും അമിത് ഷായും മാത്രം ഉത്തരവാദികളല്ല. തോല്‍വിയില്‍ എല്ലാ നേതാക്കള്‍ക്കും ഭാരവാഹികള്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളത്. നിരുത്തരവാദ പ്രസ്താവനകളിലൂടെ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ വിഷയത്തെക്കുറിച്ച് അദ്വാനിയോട് സംസാരിക്കുമെന്നായിരുന്നു ഗഡ്കരിയുടെ പ്രതികരണം. അതേസമയം, തങ്ങളുന്നയിച്ച വിഷയങ്ങള്‍ക്ക് പ്രസ്താവനയല്ല, സംഭാഷണമാണ് വേണ്ടതെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമില്ളെങ്കില്‍ അടുത്ത നടപടിയിലേക്ക് കടക്കുമെന്നും ഈ വൃത്തങ്ങള്‍ സൂചന നല്‍കി.
വിജയത്തിന്‍െറയും തോല്‍വിയുടെയും ഉത്തരവാദിത്തം എല്ലാവര്‍ക്കുമാണെന്ന, പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്‍റുമാരും കേന്ദ്രമന്ത്രിമാരുമായ രാജ്നാഥ് സിങ്, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി എന്നിവര്‍ നടത്തിയ പ്രസ്താവനയില്‍ എല്‍.കെ. അദ്വാനിയടക്കം ആരും തൃപ്തരല്ളെന്ന് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കേവലം പ്രസ്താവനയല്ല, സംഭാഷണമാണ് ആഗ്രഹിക്കുന്നത്. ഇതിന് നേതൃത്വം തയാറല്ളെങ്കില്‍ രണ്ടു ദിവസത്തിനകം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ഈ വൃത്തങ്ങള്‍ പറഞ്ഞു. ബി.ജെ.പി അധ്യക്ഷപദവിയില്‍ ഒരു ഊഴംകൂടി പ്രതീക്ഷിക്കുന്ന അമിത് ഷായെ മാറ്റിനിര്‍ത്താനുള്ള ആലോചനയിലാണ് ഈ നേതാക്കള്‍.
നേതൃത്വത്തെ ചോദ്യംചെയ്ത ബി.ജെ.പി നേതാക്കളെ പിന്തുണക്കാന്‍ തയാറാകാത്ത ആര്‍.എസ്.എസ് നേതാക്കളും ബിഹാറിലെ തോല്‍വിയില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. മോദിയും അമിത് ഷായും ഇനിയും സ്വേച്ഛാധിപത്യരീതിയില്‍ പാര്‍ട്ടിയെ കൊണ്ടുപോകരുതെന്ന് ആവശ്യപ്പെടുന്ന ഇവര്‍ കൂട്ടുത്തരവാദിത്തം പാര്‍ട്ടിക്കുള്ളില്‍ നടപ്പാക്കാന്‍ ഇരുവരും തയാറാകണമെന്നും ആവശ്യപ്പെടുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചെയ്തതുപോലെയാണ് മോദിയും അമിത് ഷായും ഈ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിച്ചതെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് പറഞ്ഞു. ടിക്കറ്റ് ലഭിച്ച പലരെക്കുറിച്ചും ആക്ഷേപങ്ങളുണ്ടായിരുന്നു. വികസനത്തിലൂന്നുന്നതിന് പകരം ലാലുവിനെയും നിതീഷിനെയും ആക്രമിക്കാനാണ് ബി.ജെ.പി നോക്കിയതെന്നും ഈ നേതാവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.