ദലിത് എഴുത്തുകാരന്‍ ദേവനൂര്‍ മഹാദേവ പത്മശ്രീ തിരികെ നല്‍കി

ബംഗളൂരു: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പ്രമുഖ ദലിത് എഴുത്തുകാരനും ചിന്തകനും കന്നട പണ്ഡിതനുമായ ദേവനൂര്‍ മഹാദേവ പത്മശ്രീ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും തിരികെ നല്‍കി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് സഹായകമായ സാമൂഹികനീതി, സഹിഷ്ണുത, ആവിഷ്കാരസ്വാതന്ത്ര്യം എന്നിവയുടെ തത്ത്വങ്ങള്‍ അടര്‍ന്നുവീഴുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ടിപ്പു ജയന്തി ആഘോഷത്തിനെതിരെ സ്വന്തം സംസ്ഥാനമായ കര്‍ണാടകയില്‍ നടക്കുന്ന അതിക്രമങ്ങളും ജ്ഞാനപീഠ പുരസ്കാര ജേതാവ് ഗിരീഷ് കര്‍ണാടിനെതിരായ ഭീഷണിയും ഇതിന് തെളിവാണ്. രാജ്യത്തെ പ്രമുഖ എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുരസ്കാരങ്ങള്‍ തിരികെ നല്‍കുമ്പോള്‍ നിശ്ശബ്ദനായി നോക്കിനില്‍ക്കുകയായിരുന്നു താന്‍. എന്നാല്‍, അനുപം ഖേറിന്‍െറ നേതൃത്വത്തില്‍ ഒരു കൂട്ടം കലാകാരന്മാരും എഴുത്തുകാരും കേന്ദ്ര സര്‍ക്കാറിന് പിന്തുണയുമായി റാലി നടത്തി. അതിനാല്‍ പുരസ്കാരങ്ങള്‍ ഇനിയും കൈയില്‍വെക്കുന്നത് അനുചിതമല്ല. പാകിസ്താന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നതുവരെ ലഖ്വിയും സഈദും ഞങ്ങളുടെ വീരയോദ്ധാക്കളാണെന്ന പര്‍വേസ് മുശര്‍റഫിന്‍െറ വാക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍മയില്‍ സൂക്ഷിക്കണം. അസഹിഷ്ണുത കൂടിയാല്‍ തീവ്രവാദമാകും, അവസാനം അത് സ്വന്തം ജനങ്ങളുടെ ജീവനെടുക്കും. മതത്തിന്‍െറയും നീതിയുടെയും പേരുപറഞ്ഞ് കൊന്നൊടുക്കുന്നതിന് ദൈവം മാപ്പുതരില്ളെന്നും അദ്ദേഹം വ്യക്തമാക്കി. മൈസൂരുവിലെ ദേവനൂരു ഗ്രാമത്തില്‍ ജനിച്ച മഹാദേവക്ക് 2011ലാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.