സ്വച്ഛ് ഭാരത് സെസ് പ്രാബല്യത്തില്‍, നികുതിഭാരം കൂടും

ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് സെസ് നിലവില്‍വന്നതോടെ നൂറിലേറെ സേവനങ്ങള്‍ക്ക് സാധാരണക്കാര്‍ അധികനികുതിയുടെ ഭാരം ചുമക്കേണ്ടിവരും. ഹോട്ടല്‍ ഭക്ഷണം, ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന സേവനങ്ങള്‍, ടെലികോം, എയര്‍പോര്‍ട്ട്, ട്രാവല്‍ ഏജന്‍സി, ഭവന, വാഹന, വ്യക്തിഗത വായ്പകള്‍, ഓഹരി ഇടപാടുകള്‍, ചിലതരം ഇന്‍ഷുറന്‍സ് പോളിസികള്‍, കേബ്ള്‍, ഡ്രൈക്ളീനിങ് തുടങ്ങിയ സേവനങ്ങള്‍ക്കാണ് അധികനികുതി നല്‍കേണ്ടിവരിക. ട്രെയിനുകളിലെ ഉയര്‍ന്ന ക്ളാസ് യാത്രക്കും ചെലവേറും.
ഫസ്റ്റ്,  എ.സി ക്ളാസുകളിലെ യാത്രാനിരക്കില്‍ 4.35 ശതമാനമാണ് വര്‍ധനയുണ്ടാകുക. ഈമാസം 15നുമുമ്പ് അനുവദിച്ച ടിക്കറ്റുകളില്‍ നിരക്കുവര്‍ധന ബാധകമാകില്ല. എന്നാല്‍, ജനറല്‍, സ്ളീപ്പര്‍ ക്ളാസ് യാത്രികരെ നികുതിവര്‍ധന ബാധിക്കില്ല. ആദായനികുതി ആവശ്യങ്ങള്‍ക്ക് പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡെടുക്കാനും ഇനി ഒരുരൂപ കൂടുതല്‍ നല്‍കണം. നവംബര്‍ 15 മുതലാണ് സേവനനികുതി 14 ശതമാനത്തില്‍നിന്ന് 14.5 ശതമാനമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വപദ്ധതിയായ സ്വച്ഛ് ഭാരതിന് പണംകണ്ടത്തൊനാണ് സേവനനികുതിക്ക് 0.5 ശതമാനം സെസ് ഏര്‍പ്പെടുത്തിയത്.
ഇതുവഴി സര്‍ക്കാറിന് ഈ സാമ്പത്തികവര്‍ഷം 3,800 കോടിരൂപയുടെ അധിക വരുമാനമുണ്ടാകും. പ്രതിവര്‍ഷം സ്വച്ഛ് ഭാരത് സെസിലൂടെ 10,000 കോടി സ്വരൂപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവംബര്‍ 15നുമുമ്പ് പണം നല്‍കിയതോ നവംബര്‍ 29നുമുമ്പായി ഇന്‍വോയ്സ് നല്‍കിയതോ ആയ ഇടപാടുകള്‍ക്ക് പുതിയ നികുതിനിരക്ക് ബാധകമാകില്ളെന്ന് ധനമന്ത്രാലയം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.