ശീതകാല പാർലമെൻറ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: അസഹിഷ്ണുത സാമൂഹികാന്തരീക്ഷം കലക്കിയതിനിടയിൽ ശീതകാല പാർലമെൻറ് സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം. ഇടക്കാല നിയമനിർമാണ സഭ ഭരണഘടന അംഗീകരിച്ചതിെൻറ വാർഷികം പ്രമാണിച്ച് ഈ വിഷയം പ്രത്യേകമായി ചർച്ചചെയ്യുന്ന ആദ്യ രണ്ടു ദിവസങ്ങളിൽ സഭാനടത്തിപ്പിൽ പ്രശ്നമുണ്ടാവില്ലെങ്കിലും, തിങ്കളാഴ്ച മുതൽ ഒച്ചപ്പാടാണ് പാർലമെൻറിൽനിന്ന് പ്രതീക്ഷിക്കേണ്ടത്.

വിവിധ വിഷയങ്ങളിൽ സർക്കാറും പ്രതിപക്ഷവുമായി കൊമ്പുകോർത്ത് വർഷകാല സമ്മേളനം പൂർണമായും മുടങ്ങിയിരുന്നു. ചരക്കു സേവന നികുതി സമ്പ്രദായം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ഭരണഘടനാ ഭേദഗതി ബിൽ അടക്കം നിയമനിർമാണങ്ങൾക്കൊന്നും കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ, ജി.എസ്.ടി ബിൽ അടക്കം ശീതകാല സമ്മേളനത്തിൽ സർക്കാറിന് തിരക്കിട്ട അജണ്ടകളുണ്ട്. പക്ഷേ, കാര്യപരിപാടി മുന്നോട്ടുനീക്കാൻ പറ്റിയെന്നു വരില്ല. ദാദ്രി സംഭവം മുതൽ വിവിധ തുറകളിലുള്ളവർ പുരസ്കാരങ്ങൾ തിരിച്ചേൽപിച്ചത് വരെയുള്ള  നിരവധി വിഷയങ്ങൾക്ക് സർക്കാർ പാർലമെൻറിൽ മറുപടി പറയേണ്ടി വരും.

എന്നാൽ, മോദിസർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള വ്യഗ്രതയാണ് പ്രതിപക്ഷ പാർട്ടികൾക്കും ചിന്തകർക്കുമുള്ളതെന്നാണ് ബി.ജെ.പിയുടെ ന്യായം. ബിഹാറിൽ ബി.ജെ.പിയെ തോൽപിച്ചതിെൻറ മനോവീര്യത്തോടെ പാർലമെൻറിലേക്ക് എത്തുന്ന പ്രതിപക്ഷ നിരയെ നേരിടാൻ സർക്കാർ പ്രയാസപ്പെടും. അസഹിഷ്ണുതയുടെ കാര്യത്തിൽ സർക്കാറിനെതിരെ രാജ്യസഭയിൽ പ്രമേയം പാസാക്കാനാണ് പ്രതിപക്ഷ ശ്രമം. അവിടെ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. അതേസമയം, ഈ വിഷയത്തിൽ പൊതുചർച്ചക്ക് അപ്പുറമുള്ള പ്രതിപക്ഷ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന സന്ദേശം നൽകാനാണ് സർക്കാർ ശ്രമം. ഏതുവിധേനയും ജി.എസ്.ടി ബിൽ പാസാക്കി മോദിസർക്കാറിെൻറ പരിഷ്കരണ വേഗം ബോധ്യപ്പെടുത്താനുള്ള ദൗത്യത്തിനാണ് ബി.ജെ.പി ശീതകാല സമ്മേളനത്തിൽ ഈന്നൽ നൽകുന്നത്. പ്രതിപക്ഷം മുന്നോട്ടുവെക്കുന്ന ചില ഭേദഗതി നിർദേശങ്ങൾ അംഗീകരിക്കാൻ പാകത്തിൽ ചർച്ചക്കുള്ള മനസ്സ് സർക്കാർ പ്രകടിപ്പിക്കുന്നുണ്ട്.

ഭരണഘടന അംഗീകരിക്കപ്പെട്ടതിെൻറ വാർഷികവേളയിൽ പാർലമെൻറിൽ രണ്ടു ദിവസം അതേക്കുറിച്ച് ചർച്ച നടത്താൻ തീരുമാനിച്ചത് സർക്കാറിെൻറ തന്ത്രമാണ്. ശീതകാല പാർലമെൻറ് സമ്മേളനം തുടക്കത്തിൽതന്നെ കലങ്ങിയെന്ന പ്രതീതി ഒഴിവാക്കിയെടുക്കാൻ ഇതുവഴി സാധിക്കും. എന്നാൽ, ഈ ചർച്ചകൾക്കൊടുവിൽ പ്രമേയം വേണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്. സർക്കാർ പ്രമേയം കൊണ്ടുവരാൻ സമ്മതിക്കില്ല. വിവിധ പാർട്ടികൾക്കിടയിൽ സമവായമുണ്ടാക്കി ഇരുസഭകളിലും സർക്കാറിനു പകരം,  സഭാധ്യക്ഷന്മാർ പ്രമേയം കൊണ്ടുവരണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.  ശീതകാല സമ്മേളനം സുഗമമാക്കാനുള്ള ശ്രമത്തിൽ ലോക്സഭാ സ്പീക്കർ, പാർലമെൻററികാര്യ മന്ത്രി എന്നിവർ ബുധനാഴ്ച സർവകക്ഷി യോഗം വിളിച്ചിരുന്നു. എൻ.ഡി.എ, കോൺഗ്രസ് നേതൃയോഗങ്ങളും നടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.