ഭരണഘടനാദിന പരസ്യത്തില്‍ ‘മതേതരത്വ’മില്ല; ഡല്‍ഹിസര്‍ക്കാര്‍ മാപ്പുപറഞ്ഞു

ന്യൂഡല്‍ഹി: ഭരണഘടന ദിനാചരണത്തിന്‍െറ ഭാഗമായി ഡല്‍ഹിസര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യത്തില്‍ പ്രസിദ്ധീകരിച്ചത് ‘മതേതരത്വവും സോഷ്യലിസവും’ ഒഴിവാക്കിയ ഭരണഘടനാ ആമുഖം. സംഭവത്തില്‍ മാപ്പുപറഞ്ഞ ഡല്‍ഹിസര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ആമുഖത്തില്‍നിന്ന് ഈ ഭരണഘടനാതത്ത്വങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാറിലെ പ്രമുഖര്‍ അഭിപ്രായപ്രകടനം നടത്തുന്നതിനിടെ ഇത്തരമൊരു തിരിമറി നടന്നതിനുപിന്നില്‍ ബോധപൂര്‍വശ്രമം ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നാലു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിസിറ്റി വിഭാഗം ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഭരണഘടന നിലവില്‍വരുമ്പോള്‍ ആമുഖത്തില്‍ ഇല്ലാതിരുന്ന ഈ വാക്കുകള്‍ 1976ല്‍ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയതാണ്. കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പരസ്യങ്ങളിലും ഈ വാക്കുകള്‍ ചോര്‍ന്നുപോയിരുന്നു. ഇന്ത്യയുടെ മതേതരസങ്കല്‍പങ്ങളെ നിരാകരിക്കാനുള്ള സര്‍ക്കാര്‍ശ്രമത്തിന്‍െറ ഭാഗമാണ് ഈ ഒഴിവാക്കലെന്നായിരുന്നു ആം ആദ്മി ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ വിമര്‍ശം. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബില്‍ കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിക്കുവേണ്ടി ദേശീയ പത്രങ്ങളിലാണ് പരസ്യം നല്‍കിയിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.