അനുനയത്തിന് മോദി; സോണിയയുമായി ചായപ്പുറ ചര്‍ച്ച

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ അടക്കം പാര്‍ലമെന്‍റിന്‍െറ പരിഗണനയിലുള്ള ബില്ലുകള്‍ പാസാക്കുന്നതിന് മോദി സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സമവായശ്രമത്തില്‍. അധികാരത്തിലേറി 18 മാസങ്ങള്‍ക്കിടയില്‍ ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്‍െറ ഒൗദ്യോഗിക വസതിയിലായിരുന്നു ‘ചായപ്പുറ ചര്‍ച്ച’. വെള്ളിയാഴ്ച വൈകീട്ട് മോദി-സോണിയ ചര്‍ച്ച 70 മിനിറ്റ് നീണ്ടെങ്കിലും, ബില്‍ പാസാക്കാനുള്ള അന്തിമവഴി ഒരുങ്ങിയില്ല. തുടര്‍ചര്‍ച്ചകള്‍ ഇനി നടക്കും. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു എന്നിവരും പങ്കെടുത്തു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിക്ക് ക്ഷണമുണ്ടായിരുന്നില്ല. ജി.എസ്.ടി ബില്‍ അടക്കം പാര്‍ലമെന്‍റിന്‍െറ പരിഗണനയില്‍ കെട്ടിക്കിടക്കുന്ന ബില്ലുകള്‍ പാസാക്കുന്നതിന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ സഹകരണം തേടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സോണിയ-മോദി കൂടിക്കാഴ്ചക്കുശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താലേഖകരോട് വിശദീകരിച്ചു. ജി.എസ്.ടി ബില്‍ പാസാക്കുന്നതില്‍ സഹകരിക്കാന്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്. തങ്ങള്‍ സര്‍ക്കാര്‍ നിലപാടും അറിയിച്ചു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചന നടത്തും. അതിനുശേഷം വീണ്ടും ചര്‍ച്ച നടക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പാര്‍ലമെന്‍റിന്‍െറ പരിഗണനയിലിരിക്കുന്ന മറ്റ് ബില്ലുകളുടെ കാര്യത്തില്‍ പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു കോണ്‍ഗ്രസിന്‍െറ സഭാ നേതാക്കളുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് നരേന്ദ്ര മോദി, സോണിയ ഗാന്ധിയെയും മന്‍മോഹന്‍ സിങ്ങിനെയും ചര്‍ച്ചക്ക് ക്ഷണിച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ ജി.എസ്.ടി നടപ്പാക്കി ഭരണവേഗം പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാറിന് വ്യഗ്രതയുണ്ട്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നികുതിവിഹിതം കിട്ടുന്ന വിധത്തിലുള്ള ഭേദഗതി നിര്‍ദേശങ്ങളില്‍ അനുകൂല തീരുമാനം വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
വര്‍ഷകാല സമ്മേളനത്തില്‍നിന്ന് വ്യത്യസ്തമായി പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും അനുനയിപ്പിക്കാനും മോദി സര്‍ക്കാര്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നതാണ് മോദി-സോണിയ കൂടിക്കാഴ്ചയിലൂടെ വ്യക്തമായത്. ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വി, പെരുകുന്ന അസഹിഷ്ണുതയിലുള്ള പ്രതിഷേധം എന്നിവയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്‍െറ മനംമാറ്റം. ഇത് പാര്‍ലമെന്‍റ് നടപടികളിലും പ്രകടമായിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.