‘ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്’ പദ്ധതിയുമായി പ്രധാനമന്ത്രി മന്‍ കി ബാതില്‍


ന്യൂഡല്‍ഹി: രാജ്യത്തെ ഐക്യവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനായി ‘ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്’ എന്ന പദ്ധതി രൂപവത്കരിക്കുന്നതിന് നിര്‍ദേശങ്ങള്‍ ക്ഷണിക്കുകയാണെന്ന് പ്രധാനമന്ത്രി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിലാണ് വിവാദവിഷയങ്ങളൊന്നും തൊടാതെ ഐക്യത്തിനുള്ള പദ്ധതിക്കായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. സര്‍ദാര്‍ പട്ടേലിന്‍െറ ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 31ന് ‘ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്’ എന്ന ആശയത്തെക്കുറിച്ച് താന്‍ സംസാരിച്ചിരുന്നു.
 ആഭ്യന്തര ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്‍െറ പ്രതിഫലമെന്നും പറഞ്ഞ പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജനങ്ങളോടാവശ്യപ്പെട്ടു. MyGov.com എന്ന വെബ്സൈറ്റില്‍ പദ്ധതിയുടെ ഘടന, ലോഗോ എന്നിവ സംബന്ധിച്ചും പൊതുജനപങ്കാളിത്തം എങ്ങനെ കൂട്ടാമെന്നത് സംബന്ധിച്ചും ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഐക്യത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും മന്ത്രത്തിലൂടെ ഓരോ ഇന്ത്യക്കാരനെയും ഒന്നിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവയവദാനത്തിനായി കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്ന് പറഞ്ഞ പ്രധാനമന്ത്രി ദൗര്‍ബല്യങ്ങള്‍ അതിജീവിക്കാന്‍ സഹായിക്കുന്നതുവഴി ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനം പകരാമെന്നും പ്രത്യാശിച്ചു. ആഗോളതാപനവും പരിപാടിയില്‍ വിഷയമായി. തമിഴ്നാട്ടിലെ വെള്ളപ്പൊക്കം ആഗോളതാപനത്തിന്‍െറ ദുരന്തഫലമാണെന്ന് മോദി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്’ മതപ്രഭാഷണം പോലെയും ധാര്‍മിക പ്രഭാഷണം പോലെയുമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തങ്ങളുടെ കാലത്തുണ്ടായിരുന്ന പദ്ധതികള്‍ തന്നെയാണ് പ്രധാനമന്ത്രി അവതരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.