മസ്ഊദിന് വിലക്കേര്‍പ്പെടുത്തുന്നത് തടഞ്ഞതിനെതിരെ ഇന്ത്യ; ന്യായീകരിച്ച് ചൈന

ന്യൂഡല്‍ഹി: പാകിസ്താന്‍ ആസ്ഥാനമായുള്ള ജയ്ശെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്താന്‍ ഇന്ത്യ യു.എന്നില്‍ നടത്തിയ നീക്കം തടഞ്ഞത് ന്യായീകരിച്ച് ചൈന. സത്യസന്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍  കക്ഷികളുമായി ബന്ധപ്പെട്ട ശേഷമാണ് നിലപാട് എടുത്തതെന്നും യു.എന്‍ പ്രമേയം 1267 ആണ് ഈ വിഷയത്തില്‍ പരിഗണിച്ചതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹോങ് ലീ പറഞ്ഞു. എന്നാല്‍, ചൈനയുടെ നീക്കം ശരിയല്ളെന്നും യുക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. 
പത്താന്‍കോട്ട് ആക്രമണത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് മസ്ഊദിനെ യു.എന്‍ സുരക്ഷാ കൗണ്‍സിലിന്‍െറ ഉപരോധ പട്ടികയില്‍പെടുത്തി കര്‍ശന നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. 
ആവശ്യം പരിഗണിച്ച ഭീകരവാദത്തിനെതിരായ എക്സിക്യൂട്ടിവ് ഡയറക്ടറേറ്റ്, സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഇന്ത്യ സമര്‍പ്പിച്ച മസ്ഊദിനെതിരായ തെളിവുകള്‍ കൈമാറിയിരുന്നു. യു.എസ്, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അനുകൂല തീരുമാനമെടുക്കാന്‍ സമ്മതം അറിയിച്ചു. 
എന്നാല്‍, ഇന്ത്യ ആവശ്യപ്പെട്ട അവസാന തീയതിക്ക് മണിക്കൂറുകള്‍ക്കുമുമ്പ്, ആവശ്യം മാറ്റിവെക്കാന്‍ ചൈന നാടകീയമായി ആവശ്യപ്പെടുകയായിരുന്നു. പാകിസ്താനുമായി ചര്‍ച്ച നടത്തിയശേഷമാണ് ചൈനയുടെ നീക്കമെന്ന് ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു. 
2001ല്‍ ജയ്ശെ മുഹമ്മദിനെ യു.എന്‍ നിരോധിച്ചിരുന്നു. എന്നാല്‍, മുംബൈ ഭീകരാക്രമണത്തിനുശേഷം മസ്ഊദിനെതിരെ നടപടിക്ക് ഇന്ത്യ യു.എന്നില്‍ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു. 
ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന 11 വ്യക്തികളുടെയും ഒരു സംഘടനയുടെയും വിവരങ്ങള്‍ സുരക്ഷാ കൗണ്‍സിലിന്‍െറ ഉപരോധ കമ്മിറ്റിക്ക് കഴിഞ്ഞ ഫെബ്രുവരി 18ന് ഇന്ത്യ സമര്‍പ്പിച്ചിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.