ജനങ്ങളാണോ ഐ.പി.എല്ലാണോ വലുത്?: ജലധൂർത്തിനെതിരെ കോടതി

മുംബൈ: മഹാരാഷ്ട്ര കടുത്ത വരൾച്ചയും ശുദ്ധജലക്ഷാമവും നേരിടുമ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗി(ഐ.പി.എൽ)നുവേണ്ടി ജലം ധൂർത്തടിക്കുന്നതിനെതിരെ ബോംബെ ഹൈകോടതി. ജനങ്ങളാണോ ഐ.പി.എല്ലാണോ വലുതെന്ന് കോടതി ചോദിച്ചു. മഹാരാഷ്ട്രയിലുള്ള ഐ.പി.എൽ മത്സരങ്ങൾ ജലക്ഷാമമില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കണമെന്നും ബി.സി.സി.ഐയോടും മറ്റ് ക്രിക്കറ്റ് അസോസിയേഷനുകളോടും കോടതി നിർദേശിച്ചു. ലോക്സത്ത് മൂവ്മെൻറ് എന്ന എൻ.ജി.ഒ നൽകിയ പൊതുതാത്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ബി.സി.സി.സിഐക്കും മറ്റ് ക്രിക്കറ്റ് അസോസിയേഷനുകൾക്കും എങ്ങനെയാണ് ഇത്തരത്തിൽ വെള്ളം ധൂർത്തിടിക്കാൻ സാധിക്കുന്നത്. ജനങ്ങൾക്കാണോ ഐ.പി.എല്ലിനാണോ കൂടുതൽ പ്രാധാന്യം. ഇത്രയും അശ്രദ്ധരാകാൻ എങ്ങനെ സാധിക്കുന്നു നിങ്ങൾക്ക്. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയുന്നതല്ലേയെന്നും ജസ്റ്റിസുമാരായ വി.എം കനാഡെ, എം.എസ് കാർനിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.

ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടത് സർക്കാറിൻെറയും ഉത്തരവാദിത്തമാണ്. വിഷയത്തിൽ എന്ത് നടപടിയാണ് കൈക്കൊള്ളാൻ പോകുന്നതെന്ന് നാളത്തന്നെ സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനായി അഡ്വക്കേറ്റ് ജനറൽ കോടതിയിൽ ഹാജരാകണം.

സംസ്ഥാനത്ത് ഐ.പി.എൽ നടക്കുന്ന മൂന്ന് സ്റ്റേഡിയങ്ങളിൽ 60 ലക്ഷം ലീറ്റർ വെള്ളം ഉപയോഗിക്കുന്നുവെന്നാണ് പരാതിയിൽ പറ‍യുന്നത്. പിച്ച് പരിപാലിക്കാനാണ് ഈ ധൂർത്ത്. ഇത്തരത്തിൽ വെള്ളം ഉപയോഗിക്കുന്നത് നിർത്താൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും പരാതിയിൽ പറയുന്നു. ഈ ആവശ്യം നാളെ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.അതേസമയം, പിച്ച് നനക്കാൻ ഉപയോഗിക്കുന്ന വെള്ളം കുടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ പറ്റാത്തതാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ കോടതിയെ അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഐ.പി.എല്ലിൻെറ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. ശനിയാഴ്ച മത്സരങ്ങൾ ആരംഭിക്കും. മെയ് 29 വരെയാണ് മത്സരങ്ങൾ നീണ്ടുനിൽക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂർ, മുംബൈ, പൂണെ എന്നിവിടങ്ങളിലായി 20 മത്സരങ്ങളാണ് നടക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.