മരുമകളുടെ മരണം: ബി.എസ്.പി എം.പി നരേന്ദ്ര കശ്യപ് അറസ്റ്റിൽ

ഗാസിയാബാദ്: മരുമകളുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ബഹുജൻ സമാജ് വാദി പാർട്ടി (ബി.എസ്.പി) എം.പി നരേന്ദ്ര കശ്യപും ഭാര്യയും മകനും അറസ്റ്റിൽ. രാജ്യസഭാംഗമാണ് നരേന്ദ്ര കശ്യപ്. ഇന്നലെയാണ് കശ്യപിൻെറ മരുമകൾ ഹിമാൻഷി (26) വെടിയേറ്റ് മരിച്ചത്.

ഹിമാൻഷിയെ സ്ത്രീധനവുമായി ബന്ധപ്പെട്ട് കശ്യപും ഭാര്യയും മകനും പീഡിപ്പിച്ചിരുന്നു എന്ന് ഹിമാൻഷിയുടെ ബന്ധുക്കൾ പറഞ്ഞു. ഭർതൃവീട്ടുകാർ ടൊയോട്ട ഫോർച്ച്യൂണർ കാർ ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു.

എം.പിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഗാസിയാബാദ് സിറ്റി എസ്.പി സൽമാൻ താജ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യൻ ശിക്ഷാ നിയമം 498എ (ഭർത്താവോ ഭർത്താവിൻെറ ബന്ധുക്കളോ പീഡിപ്പിച്ചു) 304ബി (സ്ത്രീധന മരണം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്നും സൽമാൻ താജ് വ്യക്തമാക്കി. ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ഇത്.

ഇന്നലെ രാത്രിയാണ് ഹിമാൻഷുവിന് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ  നരേന്ദ്ര കശ്യപ് നിഷേധിച്ചു. നരേന്ദ്ര കശ്യപിൻെറ കുടുംബത്തിൻെറ അധീനതയിൽ രണ്ട് തോക്കുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് എം.പി വീട്ടിൽ ഉണ്ടായിരുന്നോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.