സ്വതന്ത്രനാക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധമന്ത്രിക്ക് സംഝോത സ്ഫോടന കേസ് പ്രതിയുടെ കത്ത്


ന്യൂഡല്‍ഹി: സ്വതന്ത്രനാക്കണമെന്നാവശ്യപ്പെട്ട് സംഝോത സ്ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന ലെഫ്റ്റനന്‍റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീകറിന് കത്തയച്ചു. സ്ഫോടകവസ്തു നല്‍കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ഏഴു വര്‍ഷമായി തടവില്‍ കഴിയുന്ന ലഫ്റ്റനന്‍റ് കേണല്‍ പുരോഹിത്  തലോജ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് കത്തയച്ചത്. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും മോചിപ്പിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട തന്‍െറ എല്ലാ നടപടികളും ജോലിയുടെ ഭാഗമായിരുന്നുവെന്നും സിമിയെക്കുറിച്ചും ഐ.എസ്.ഐയെക്കുറിച്ചും നല്‍കിയ റിപ്പോര്‍ട്ടുകള്‍ സംഝോത സ്ഫോടനത്തില്‍ ലശ്കറെ ത്വയ്യിബയുടെ പങ്ക് തെളിയിക്കുന്നതാണെന്നും പുരോഹിത് ചൂണ്ടിക്കാട്ടി.
ദാവൂദ് ഇബ്രാഹീം വഴി ഐ.എസ്.ഐ ആയുധം എത്തിക്കുന്നതായി 2005ല്‍ താന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായും ഇത് 2012ല്‍ കര്‍ണാടക പൊലീസ് സ്ഥിരീകരിച്ചതായും പുരോഹിത് അവകാശപ്പെട്ടു. കൊങ്കണ്‍ മേഖല ജിഹാദി തീവ്രവാദ ഗ്രൂപ്പുകളും നക്സലുകളും പരിശീലന കേന്ദ്രമാക്കുന്നുവെന്ന തന്‍െറ 2006ലെ റിപ്പോര്‍ട്ട് ശരിയാണെന്ന് ഇപ്പോള്‍ മഹാരാഷ്ട്ര പൊലീസ് കണ്ടത്തെിയതായും കത്തില്‍ പറയുന്നു.
‘ഗൂഢാലോചന യോഗം’ എന്ന പേരില്‍ കുറ്റപത്രത്തില്‍ ആരോപിക്കപ്പെട്ട യോഗത്തെക്കുറിച്ച് താന്‍തന്നെ റിപ്പോര്‍ട്ട് ചെയ്തതാണെന്നും ഇതേ യോഗത്തിന്‍െറ പേരിലാണ് താന്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്നും മഹാരാഷ്ട്രയില്‍ മിലിറ്ററി ഇന്‍റലിജന്‍സ് ഓഫിസറായിരുന്ന പുരോഹിത് ആരോപിച്ചു.
സംഝോത സ്ഫോടന കേസില്‍ പുരോഹിതിനും സാധ്വി പ്രജ്ഞാ സിങ് ഠാകൂറിനുമെതിരെ മകോക ചുമത്തിയത് 2015 ഏപ്രിലില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍, ഇരുവര്‍ക്കും ഇതേവരെ ജാമ്യം കിട്ടിയിട്ടില്ല. 2008ല്‍ നടന്ന മാലേഗാവ് സ്ഫോടനകേസിലും പുരോഹിത് കുറ്റാരോപിതനാണ്. അഞ്ചു വര്‍ഷമായി എന്‍.ഐ.എ അന്വേഷിക്കുന്ന ഈ കേസിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.