ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത സാങ്കേതിക വിദ്യാഭ്യാസകേന്ദ്രങ്ങളായ ഐ.ഐ.ടികളില്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) വരുന്ന അധ്യയനവര്‍ഷം മുതല്‍ ഫീസ് ഇരട്ടിയിലേറെയാവും. ബിരുദ കോഴ്സുകള്‍ക്ക് ഈടാക്കിയിരുന്ന 90,000 രൂപ ഫീസ് രണ്ടുലക്ഷമായി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് മാനവശേഷി വികസനമന്ത്രാലയം അടുത്ത ദിവസം പുറത്തിറക്കും. നിലവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ധന ബാധകമാവില്ല.
പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കും ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കും ലക്ഷത്തില്‍ താഴെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കും ട്യൂഷന്‍ ഫീസ് പൂര്‍ണമായും ഇളവുനല്‍കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചിരുന്നു. അഞ്ചുലക്ഷത്തില്‍ താഴെ വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് 66 ശതമാനം ഫീസിളവ് നല്‍കുമെന്നും മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ഫീസ് ഇളവിന് അര്‍ഹതയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ പലിശരഹിതമായി വിദ്യാഭ്യാസവായ്പ നല്‍കാനും ആലോചനയുണ്ട്.
ഐ.ഐ.ടി റൂര്‍ക്കി ചെയര്‍മാന്‍ ഡോ. അശോക് ശര്‍മയുടെ നേതൃത്വത്തിലെ സമിതിയാണ് ഫീസ് ഘടന പരിഷ്കരിക്കാന്‍ ശിപാര്‍ശ സമര്‍പ്പിച്ചത്. മൂന്നു ലക്ഷമായി വര്‍ധിപ്പിക്കാനായിരുന്നു സമിതിയുടെ നിര്‍ദേശം. എന്നാല്‍, വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന ആശങ്കയും വിരോധവും വര്‍ധിക്കാന്‍ ഇടയാക്കുമെന്നു കണ്ടാണ് സര്‍ക്കാര്‍ ഫീസ് രണ്ടു ലക്ഷമായി പുതുക്കിയാല്‍ മതിയെന്ന തീരുമാനത്തിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.