ഒമ്പതു വര്‍ഷത്തിനു ശേഷം വന്‍സാര ഗുജറാത്തില്‍

അഹ്മദാബാദ്: ഉപാധികളോടെ ഗുജറാത്തില്‍ പ്രവേശിക്കാമെന്ന വ്യവസ്ഥയില്‍ സി.ബി.ഐ കോടതി ജാമ്യം നല്‍കിയതോടെ ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിലെ വിവാദ പൊലീസ് ഉദ്യോഗസ്ഥന്‍ ഡി.ജി. വന്‍സാര ഗുജറാത്തില്‍ തിരിച്ചത്തെി. ഒമ്പതു വര്‍ഷത്തിനു ശേഷം വെള്ളിയാഴ്ച രാവിലെയാണ് അഹ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയത്.
വിമാനത്താവളത്തില്‍ വന്‍സാരയെ സ്വീകരിക്കാന്‍ നിരവധിയാളുകള്‍ വന്‍ സന്നാഹവുമായി എത്തിയിരുന്നു.  ഭാരത് മാതാ വിളികളോടെയാണ് അദ്ദേഹത്തെ എതിരേറ്റത്. വിമാനത്താവളത്തിന് പുറത്ത് പ്രത്യേക രഥവും തയാറാക്കിയിരുന്നു. സ്വീകരണത്തെ അഭിസംബോധന ചെയ്ത അദ്ദേഹം മോദിയുടെ വികസന പ്രക്രിയയുടെ ഭാഗമായി രൂപപ്പെടുന്ന ജന ആന്ദോളനില്‍ ചേര്‍ന്ന് ജനങ്ങളെ സേവിക്കാന്‍ തല്‍പ്പരനാണെന്ന് പറഞ്ഞു.
2004ല്‍ ഇശ്റത് ജഹാന്‍ എന്ന 19കാരിയെയും കൂട്ടാളികളെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി എന്ന കേസിലെ പ്രധാന പ്രതിയായിരുന്നു വന്‍സാര.
 ഈ മാസം ആദ്യത്തില്‍ വന്‍സാരയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് വരുത്തിയതാണ് ഗുജറാത്തിലേക്ക് തിരിച്ചത്തൊന്‍ കാരണമായത്.
2007ല്‍ സൊഹ്റാബുദ്ദീന്‍ ശൈഖ്, തുള്‍സി പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്ന കേസിലും ആരോപണവിധേയനായ വന്‍സാര 2007 മുതല്‍ അഹ്മദാബാദിലെ സബര്‍മതി ജയിലിലായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുജറാത്തില്‍ പ്രവേശിക്കരുതെന്നും രാജ്യം വിടരുതെന്നുമുള്ള ഉപാധിയിന്മേല്‍ ജാമ്യം ലഭിച്ചു. പിന്നീട് ഏപ്രില്‍ രണ്ടിന് എല്ലാ ശനിയാഴ്ചകളിലും കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഗുജറാത്തിലേക്ക് കടക്കാന്‍ കോടതി അനുമതി നല്‍കി.
ഇശ്റത് ജഹാന്‍ തീവ്രവാദിയാണെന്ന യു.എസ് പൗരനും ലശ്കറെ ത്വയ്യിബ തീവ്രവാദിയുമായ ഹെഡ്ലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്‍െറ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് വന്‍സാര കോടതിയെ സമീപിച്ചിരുന്നു.
2007ല്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, തുള്‍സി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട വന്‍സാര ജയിലിലായി. 2014 സെപ്റ്റംബറില്‍ ഈ കേസില്‍ മുംബൈ കോടതി ജാമ്യം നല്‍കിയെങ്കിലും ഇശ്റത് കേസില്‍ ജാമ്യം ലഭിച്ചില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.