മസ്ഊദിന് വിലക്കേര്‍പ്പെടുത്തുന്നത് തടഞ്ഞ ചൈനയുടെ നടപടിയെ ചോദ്യം ചെയ്ത് ഇന്ത്യ

വാഷിംഗ്ടൺ: പാകിസ്താന്‍ ആസ്ഥാനമായുള്ള ജയ്ശെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്താന്‍ ഇന്ത്യ യു.എന്നില്‍ നടത്തിയ നീക്കം തടഞ്ഞ ചൈനയുടെ നടപടിക്കെതിരെ രൂക്ഷ വിമർശം. അൽഖാഇദ, താലിബാൻ, ഐ.എസ് എന്നിവക്ക് വിലക്ക് ഏർപ്പെടുത്തിയ 'സാങ്ഷൻ കമ്മിറ്റി' തീരുമാനം പുന:പരിശോധിക്കണമന്ന് യു.എൻ സെക്യൂരിറ്റി കൗൺസിലിൽ യു.എൻ അംബാസഡറിന്‍റെ സ്ഥിര ഇന്ത്യൻ പ്രതിനിധി സെയ്ദ് അക്ബറുദ്ദീൻ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സമൂഹത്തിനായി പ്രവർത്തിക്കുന്ന ഭീകരവാദത്തിനെതിരായി നിലകൊള്ളുന്ന 'സാങ്ഷൻ കമ്മിറ്റി'യുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. വീറ്റോ അധികാരം കൊണ്ടുവന്ന് ഭീകരവാദികളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പത്താന്‍കോട്ട് ആക്രമണത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് മസ്ഊദിനെ യു.എന്‍ സുരക്ഷാ കൗണ്‍സിലിന്‍െറ ഉപരോധ പട്ടികയില്‍പെടുത്തി കര്‍ശന നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ആവശ്യം പരിഗണിച്ച ഭീകരവാദത്തിനെതിരായ എക്സിക്യൂട്ടിവ് ഡയറക്ടറേറ്റ്, സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഇന്ത്യ മസ്ഊദിനെതിരായ തെളിവുകള്‍ കൈമാറിയിരുന്നു. യു.എസ്, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അനുകൂല തീരുമാനമെടുക്കാന്‍ സമ്മതം അറിയിച്ചു.

എന്നാല്‍, ഇന്ത്യ ആവശ്യപ്പെട്ട അവസാന തീയതിക്ക് മണിക്കൂറുകള്‍ക്കു മുമ്പ്, ആവശ്യം മാറ്റിവെക്കാന്‍ ചൈന നാടകീയമായി ആവശ്യപ്പെടുകയായിരുന്നു. പാകിസ്താനുമായി ചര്‍ച്ച നടത്തിയശേഷമാണ് ചൈനയുടെ നീക്കമെന്ന് ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു.

2001ല്‍ ജയ്ശെ മുഹമ്മദിനെ യു.എന്‍ നിരോധിച്ചിരുന്നു. എന്നാല്‍, മുംബൈ ഭീകരാക്രമണത്തിനുശേഷം മസ്ഊദിനെതിരെ നടപടിക്ക് ഇന്ത്യ യു.എന്നില്‍ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.