ഇന്ത്യയിലെ മനുഷ്യാവകാശലംഘനം:   മുന്നില്‍ സുരക്ഷാ ഏജന്‍സികള്‍ –യു.എസ്

വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം
ന്യൂഡല്‍ഹി: പൊലീസും സുരക്ഷാ ഏജന്‍സികളും നടത്തുന്ന അതിക്രമങ്ങളാണ് ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ്. നിയമസംവിധാനങ്ങള്‍ മറികടന്ന് സുരക്ഷാസേനകള്‍ നടത്തുന്ന കൊലപാതകങ്ങള്‍, പീഡനം, ബലാത്സംഗം എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന 2015ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചന്ദനം കള്ളക്കടത്തുകാര്‍ എന്നാരോപിച്ച് ആന്ധ്രപ്രദേശ് പൊലീസിന്‍െറ പ്രത്യേക ദൗത്യസംഘം 20 പേരെ കൊലപ്പെടുത്തിയതും കോടതിയിലേക്ക് കൊണ്ടുപോകുംവഴി അഞ്ചു യുവാക്കളെ തെലങ്കാന പൊലീസ് വെടിവെച്ചുകൊന്നതും എടുത്തുപറയുന്നു. 
വിവിധ ഭീകരവാദവിരുദ്ധ നിയമങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പല സിമി പ്രവര്‍ത്തകരെയും വെറുതെവിട്ടത് പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് അന്യായ തടങ്കലുകളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
 ദലിതുകള്‍ക്കും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍, മതം-ജാതി-ഗോത്രം എന്നിവയുടെ പേരിലുള്ള വിവേചനങ്ങള്‍ എന്നിവയും അഴിമതിയും രാജ്യത്ത് ശക്തമായി പുലരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യ ഇരകള്‍ക്ക് ഇനിയും നീതി ലഭ്യമായിട്ടില്ല. കേസുകള്‍ പരിഹരിക്കുന്നതില്‍ എടുക്കുന്ന കാലതാമസം നീതിതടയുന്നതിന് ഇടയാക്കുന്നു. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മാവോവാദി മേഖലകളിലും പ്രവര്‍ത്തിക്കുന്ന വിഘടനവാദ-ഭീകരവാദസംഘങ്ങള്‍ കൊല, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തി പണം പിടുങ്ങല്‍, ബലാത്സംഗം എന്നിവ നടത്തുന്നതും കുട്ടികളെ സൈനികരായി ഉപയോഗിക്കുന്നതും മനുഷ്യാവകാശലംഘനം വന്‍തോതില്‍ വര്‍ധിപ്പിക്കുന്നുവെന്നും കഴിഞ്ഞ ദിവസം യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.