53,000 രൂപ വാടക നല്‍കാന്‍ ശേഷിയില്ളെന്ന് പ്രിയങ്ക; വാജ്പേയി സര്‍ക്കാര്‍ 8888 രൂപയായി കുറച്ചുകൊടുത്തു


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക 14 വര്‍ഷം മുമ്പുതന്നെ വിലപേശലില്‍ കഴിവുതെളിയിച്ചയാളെന്ന വിവരം പുറത്ത്. സര്‍ക്കാര്‍ നല്‍കിയ വസതിയുടെ വാടക 53,421 രൂപയായി വര്‍ധിപ്പിക്കാന്‍ 2002ല്‍ വാജ്പേയി സര്‍ക്കാര്‍ തീരുമാനം എടുത്തെങ്കിലും പ്രിയങ്കയുടെ കത്തിനെ തുടര്‍ന്ന് പിന്നീട് വെറും 8888 രൂപയായി വെട്ടിക്കുറച്ചെന്ന വിവരമാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്.
ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലെ 35ാം നമ്പര്‍ വസതിയുടെ വാടക 53,421 രൂപയായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ 2002 മേയ് ഏഴിനാണ് പ്രിയങ്ക കത്തെഴുതിയത്. ഇത് വളരെ കൂടുതലാണെന്നും ഇത്രയും ഉയര്‍ന്നതുക അടക്കാനുള്ള ശേഷി തനിക്കില്ളെന്നുമാണ് കത്തില്‍ വ്യക്തമാക്കിയത്. സ്വന്തം ആവശ്യപ്രകാരമല്ല എസ്.പി.ജിയുടെ ആവശ്യപ്രകാരമാണ് താന്‍ സര്‍ക്കാര്‍ ബംഗ്ളാവില്‍ താമസിക്കുന്നതെന്നും 2765 സ്ക്വയര്‍ മീറ്റര്‍ വലുപ്പമുള്ള കെട്ടിടത്തിന്‍െറ വലിയൊരുഭാഗവും ഉപയോഗിക്കുന്നത് എസ്.പി.ജിതന്നെയാണെന്നും തന്‍െറ കുടുംബമല്ളെന്നുമാണ് പ്രിയങ്ക ഗാന്ധി കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ള നിരക്കായ 28,451 രൂപ തുടര്‍ന്നും അടക്കാന്‍ തയാറാണെന്നും കത്തില്‍ പറഞ്ഞിരുന്നു.
സുരക്ഷാകാരണങ്ങളാല്‍ ഇവിടെ വസതി അനുവദിച്ച മുന്‍ പഞ്ചാബ് ഡി.ജി.പി കെ.പി.എസ്. ഗില്‍, ഓള്‍ ഇന്ത്യ ആന്‍റി ടെററിസ്റ്റ് ഫ്രണ്ട് അധ്യക്ഷന്‍ എം.എസ്. ബിട്ട, പഞ്ചാബ് കേസരി എഡിറ്റര്‍ അശ്വനികുമാര്‍ എന്നിവരുടെയും വാടക കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഇവരും സമാനമായ എതിര്‍പ്പ് അറിയിച്ചിരുന്നു. നിരക്ക് വര്‍ധിപ്പിച്ചിട്ടും നാലുപേരും പഴയനിരക്ക് അടച്ചതോടെ പ്രിയങ്കയുടെ മാത്രം കുടിശ്ശിക 2004 ജനുവരിവരെ 3.76 ലക്ഷം രൂപയായിരുന്നു.
വിവരാവകാശപ്രകാരം നോയിഡ സ്വദേശി നേടിയ 2003 ജൂലൈ എട്ടിലെ അക്കമഡേഷന്‍ കാബിനറ്റ് കമ്മിറ്റിയുടെ നോട്ടില്‍ ഇവര്‍ക്ക് വസതി നല്‍കിയത് സര്‍ക്കാറിന്‍െറ നയത്തിന്‍െറ ഭാഗമായാണെന്നും മാര്‍ക്കറ്റ് നിരക്ക് താങ്ങാന്‍ ഇവര്‍ക്കാവാത്തതിനാല്‍ 2003 ജൂലൈ 24 മുതല്‍ പ്രത്യേക ലൈസന്‍സ് ഫീസ് എന്നനിലയില്‍ പ്രിയങ്ക 8888 രൂപയും ഗില്‍ 60,741 രൂപക്കുപകരം 10,715 രൂപയും ബിട്ട 55,536 രൂപക്കു പകരം 10,203 രൂപയും അശ്വനികുമാര്‍ 50,311 രൂപക്കു പകരം 8555 രൂപയും അടച്ചാല്‍ മതിയെന്നും പറയുന്നു.
എസ്.പി.ജിയുടെയും കാബിനറ്റ് സെക്രട്ടേറിയറ്റിന്‍െറയും ശിപാര്‍ശപ്രകാരം 1997ലാണ് പ്രിയങ്കക്ക് വസതി അനുവദിച്ചത്. അന്ന് 19,900 രൂപയായിരുന്നു പ്രതിമാസവാടക. പിന്നീട് ഇത് പലതവണ പുതുക്കി. നിലവില്‍ 31,300 രൂപയാണ് പ്രിയങ്ക നല്‍കുന്നത്.
എന്നാല്‍, വിപണിനിരക്ക് 81,865 രൂപ വരുമെന്നാണ് ഡയറക്ടറേറ്റ് ഓഫ് റിയല്‍ എസ്റ്റേറ്റ് പറയുന്നത്.
എന്നാല്‍, ഈ ബംഗ്ളാവിന്‍െറ പത്തിലൊന്ന് വലുപ്പമുള്ള ഒന്നിനുപോലും ഈ മേഖലയില്‍ ഒന്നരലക്ഷം മുതല്‍ നാലു ലക്ഷം രൂപവരെ നല്‍കേണ്ടിവരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.