ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറുമായി വിലപേശി വീട്ടുവാടകയില്‍ ഇളവുനേടിയെന്ന ആരോപണം നിഷേധിച്ച് പ്രിയങ്ക ഗാന്ധി. സുരക്ഷാകാരണങ്ങളാല്‍ എസ്.പി.ജി ആവശ്യപ്പെട്ടിട്ടാണ് സര്‍ക്കാര്‍ വീട്ടില്‍ താമസമാക്കിയതെന്നും വാടകയില്‍ പ്രത്യേകമായി ഇളവ് ആവശ്യപ്പെട്ടിട്ടില്ളെന്നും പ്രിയങ്ക ഗാന്ധി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഡല്‍ഹി ലോധി എസ്റ്റേറ്റില്‍ സര്‍ക്കാര്‍ വീട്ടില്‍ താമസിക്കുന്ന പ്രിയങ്ക ഗാന്ധി 2002ല്‍ അന്നത്തെ വാജ്പേയി സര്‍ക്കാറിന് കത്തെഴുതി വാടക ഇളവുനേടിയത് സംബന്ധിച്ച രേഖകള്‍ വിവരാവകാശ അപേക്ഷയിലൂടെ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പ്രതിമാസം 53,241 രൂപയായി ഉയര്‍ത്തിയ വാടക പ്രിയങ്കയുടെ കത്തിനെ തുടര്‍ന്ന് 8888 രൂപയായി കുറച്ചുവെന്നാണ് പുറത്തുവന്ന വിവരം. ഇളവ് തനിക്കു മാത്രമായി ലഭിച്ചതല്ളെന്നും സുരക്ഷാകാരണങ്ങളാല്‍ സര്‍ക്കാര്‍ വസതിയില്‍ കഴിയുന്ന മറ്റുള്ളവര്‍ക്കും ഇതേ ഇളവ് നല്‍കിയിട്ടുണ്ടെന്നുമാണ് പ്രിയങ്ക വിശദീകരിക്കുന്നത്. മാത്രമല്ല, ഒറ്റ മാസംകൊണ്ട് വാടക കുത്തനെ കൂട്ടിയതിലെ പിശക് തിരുത്തുകമാത്രമാണ് ഉണ്ടായതെന്നും അവര്‍ പറയുന്നു.
മറ്റൊരു വീട്ടില്‍ വാടകക്ക് താമസിക്കവെ, എസ്.പി.ജിയുടെ നിര്‍ബന്ധം കാരണമാണ് സര്‍ക്കാര്‍ വീട്ടിലേക്ക് മാറിയത്. സര്‍ക്കാര്‍ വീട്ടില്‍നിന്ന് മാറാന്‍ 2001ല്‍തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സുരക്ഷാപ്രശ്നം മുന്‍നിര്‍ത്തി എസ്.പി.ജി അനുമതി നല്‍കിയില്ല.
1997ലാണ് പ്രിയങ്ക ഗാന്ധിക്ക് സര്‍ക്കാര്‍ ഡല്‍ഹിയില്‍ വീട് അനുവദിച്ചത്. അന്ന് 19,900 രൂപയായിരുന്നു വാടക. പിന്നീട് പലകുറി പുതുക്കിയ വാടക ഇപ്പോള്‍ 31,300 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.