പ്രധാനമന്ത്രിക്കെതിരെ വിമര്‍ശവുമായി ശിവസേന

മുംബൈ:  ഗുജറാത്തിലും രാജ്യത്തിന്‍െറ മറ്റുഭാഗങ്ങളിലും നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേനയുടെ വിമര്‍ശം. മോദിയെ ഉന്നംവെച്ചായിരുന്നു സേനയുടെ പരാമര്‍ശം. അസ്ഥിരമായ ഭരണകര്‍തൃത്വം കാരണം  രാജ്യം ക്ളേശമനുഭവിക്കുമ്പോള്‍ പ്രധാനമന്ത്രി സമാധാനത്തിന്‍െറ ഭാഗ്യചിഹ്നം പോലെ ലോകമാകെ അലഞ്ഞുനടക്കുകയാണെന്ന് സേനയുടെ മുഖപത്രമായ സാമ്ന കുറ്റപ്പെടുത്തുന്നു.  
ഗുജറാത്ത് കത്തിയമര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിന്‍െറ ഈ സ്ഥിതി കാണുന്ന ജനങ്ങള്‍ എന്താവും  കരുതുന്നുണ്ടാവുക. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെ പൊലീസ് സംവിധാനം അവരുടെ കൈയിലെ തോക്കുകൊണ്ട് സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ഒരു സുസ്ഥിര ഭരണനിര്‍വഹണത്തിന്‍െറ സൂചനയല്ല നല്‍കുന്നത് എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഛത്തിസ്ഗഢില്‍ നക്സലൈറ്റുകള്‍ നാശംവിതച്ചുകൊണ്ടിരിക്കുകയാണെന്നും ജമ്മു കശ്മീരില്‍ സമാധാനവും ഭരണനിര്‍വഹണവും തകര്‍ന്നെന്നും ദേശവിരുദ്ധര്‍ക്കിത് ഉത്സവാഘോഷത്തിന്‍െറ പ്രതീതിയാണെന്നും മുഖപ്രസംഗം നിരീക്ഷിക്കുന്നു.

ഒരു ഭാഗത്ത് ഇന്ത്യയെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കാത്തവര്‍ക്ക് രാജ്യത്ത് തുടരാന്‍ അവകാശമില്ളെന്ന് ബി.ജെ.പി പറയുന്നു. മറുഭാഗത്ത് ‘ഭാരത് മാതാ കീജയ്’ വിളിക്കാന്‍ വിസമ്മതിക്കുന്നവരടങ്ങിയ സര്‍ക്കാറിന്‍െറ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
’സംവരണത്തിന്‍െറ പേരില്‍ ആക്രമണം അഴിച്ചുവിട്ട ഹാര്‍ദിക് പട്ടേലിന്‍െറ പേരില്‍ കേസെടുക്കാം, പക്ഷേ, അത് അദ്ദേഹത്തെ ദേശവിരുദ്ധനാക്കുന്ന തരത്തിലുള്ള കള്ളക്കേസുകള്‍ ചുമത്തി ജയിലിലേക്ക് പറഞ്ഞയക്കാനുള്ള അവകാശമാണോയെന്നും ലേഖനം ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.