ന്യൂഡല്‍ഹി: ഇല്ലാത്ത മഹിമയും മേന്മയും പറഞ്ഞ് പരസ്യംചെയ്യുന്ന ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി (സി.സി.പി.സി) ഒരുങ്ങുന്നു. വ്യാജ അവകാശവാദങ്ങളുയര്‍ത്തി പരസ്യംചെയ്യുന്നത് തടയുന്നതിനു പുറമെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്ന് സമിതി ശിപാര്‍ശ നല്‍കിയതായി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു. പരസ്യത്തില്‍ പറയുന്നതിന് വിരുദ്ധമാണ് കാര്യങ്ങളെങ്കില്‍ പരസ്യമോഡലുകളും വഞ്ചനാകുറ്റത്തിന് പ്രതികളാകും.
പരസ്യമോഡലുകളുടെ ജനപ്രീതി ദുരുപയോഗം ചെയ്ത് നിരവധി കമ്പനികള്‍ നിലവാരംകുറഞ്ഞ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ടെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് കൗണ്‍സിന്‍െറ ഇത്തരമൊരു നിര്‍ദേശം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഒരു ഉല്‍പന്നത്തെ പ്രശംസിക്കുകയോ പരസ്യപ്രചാരണത്തില്‍ പങ്കുചേരുകയോ ചെയ്യുംമുമ്പ് ഉല്‍പാദകര്‍ ഉന്നയിക്കുന്ന അവകാശവാദം ശരിതന്നെയോ എന്നു തിരക്കാനെങ്കിലും മോഡലുകളും മറ്റു വിശിഷ്ട വ്യക്തികളും തയാറാകുമെന്നാണ് കണക്കുകൂട്ടല്‍.
പൈപ്പുവഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍െറ ഗുണമേന്മ ഉറപ്പുവരുത്താന്‍ സംവിധാനം വേണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ കുപ്പിവെള്ളത്തിന്‍െറ നിലവാരം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) ചില മാനദണ്ഡങ്ങള്‍ വെച്ചിട്ടുണ്ട്.
എന്നാല്‍, ഏതു സ്രോതസ്സില്‍നിന്നു ലഭിക്കുന്നതാണെങ്കിലും അടിസ്ഥാനാവകാശമായ കുടിവെള്ളം ശുദ്ധമായ രീതിയില്‍ വിതരണം ചെയ്യപ്പെടണമെന്നും നിലവാരം പരിശോധിക്കാനും ഉറപ്പുവരുത്താനും സ്ഥിരം സംവിധാനങ്ങള്‍ വേണമെന്നുമാണ് ഉപഭോക്തൃ-ഭക്ഷ്യസുരക്ഷാ മേഖലയിലെ ഉന്നതരുടെ യോഗത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശം.
പരമാവധി വില്‍പനവിലയില്‍ കൂടുതല്‍ ഈടാക്കുന്ന കച്ചവടങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗശേഷം മന്ത്രി പാസ്വാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.