തെലങ്കാന: ഹൈദരാബാദിൽ ജല അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിവിശേഷം നിലനിൽക്കുന്നതായി തെലങ്കാന മന്ത്രി. തലസ്ഥാന നഗരിക്ക് വെള്ളം വിതരണം ചെയ്യുന്ന നാല് പ്രധാന ജല സംഭരണികൾ വറ്റിവരണ്ടതായി തെലങ്കാന മുൻസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി കെ.ടി. രാമറാവു വ്യക്തമാക്കി. 30 വർഷത്തിനിടെ ആദ്യമായാണ് ഈ സംഭവമെന്നും മന്ത്രി പറഞ്ഞു.
സിംഗൂർ, മഞ്ജീര, ഉസ്മാൻ സാഗർ, ഹിമായത്ത് സാഗർ എന്നീ സംഭരണികളാണ് വറ്റിയത്. ഇവിടങ്ങളിൽ നിന്നും നഗരത്തിലേക്കുള്ള ജലവിതരണത്തിൽ 47 ശതമാനം ഇടിവ് സംഭവിച്ചു കഴിഞ്ഞു. ഹൈദരാബാദ് നഗരത്തിൽ പ്രതിദിനം 660 ദശലക്ഷം ഗ്യാലൻ വെള്ളം ആവശ്യമാണ്, എന്നാൽ 335 ദശലക്ഷം ഗ്യാലൻ വെള്ളം മാത്രമേ വിതരണം ചെയ്യാൻ ആവുന്നുള്ളൂ. 200 കിലോമീറ്ററോളം അകലെയുള്ള ഗോദാവരി, കൃഷ്ണ നദികളിൽ നിന്നും വെള്ളമെത്തിക്കാനുള്ള മാർഗങ്ങൾ തേടുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വരൾച്ച മുക്തമാക്കാൻ സർക്കാർ ദീർഘകാല പദ്ധതി ആസൂത്രണം ചെയ്ത് വരികയാണ്. കേന്ദ്ര സർക്കാറിൻെറ ഭഗീരഥ് പദ്ധതിക്ക് കീഴിൽ ടാങ്കുകൾ വൃത്തിയാക്കും. ഹൈദരാബാദിലേക്ക് വെള്ളമെത്തിക്കുന്നതിന് സംസ്ഥാന സർക്കാർ 6 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
ശക്തമായ ചൂട്കാറ്റിനാൽ സംസ്ഥാനം വെന്തുരുകയാണ്. ഹൈദരാബാദിലെ വീടുകളിൽ ജലവിതരണം താറുമാറായിരിക്കുന്നു. ഇടവിട്ട ദിവസങ്ങളിലാണ് ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നത്. ചൊവ്വാഴ്ച 43 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു നഗരത്തിലെ താപനില. തെലങ്കാനയിലെ ഗ്രാമങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. മൂന്നു വർഷം മുമ്പാണ് ഇത്തരത്തിലൊരു അവസ്ഥ സംസ്ഥാനം നേരിട്ടത്.
രാജ്യത്തെ മൂന്നിലൊന്ന് സംസ്ഥാനങ്ങളില്‍ വരള്‍ച്ചയെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു. ചുരുങ്ങിയത് 256 ജില്ലകളില്‍ 33 കോടി ജനം വരള്‍ച്ചയുടെ പിടിയിലാണ്. 130 താലൂക്കുകള്‍ വരള്‍ച്ചബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി, ദുരന്തനിവാരണ സംവിധാനം തുടങ്ങിയവ നടപ്പാക്കി ജനങ്ങളുടെ അതിജീവനം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ തിട്ടപ്പെടുത്താന്‍ ഉപയോഗിക്കുന്ന രീതി മാറ്റി ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.