‘അതിവേഗ വളര്‍ച്ച’ അമിത വിശ്വാസം –രഘുറാം രാജന്‍

ന്യൂഡല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവ സ്ഥയാണ് ഇന്ത്യയെന്ന അമിതവിശ്വാസം വേണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ചില നേട്ടങ്ങള്‍ അവകാശപ്പെടുന്നതിനുമുമ്പ് നാം ഏറെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ ആളോഹരി വരുമാനം ഇന്ത്യയിലാണ്.  ശരാശരി ഇന്ത്യക്കാരന്‍െറ നാലിരട്ടി സമ്പന്നനാണ് ചൈനക്കാരന്‍ -രഘുറാം രാജന്‍ പറഞ്ഞു.
മാന്ദ്യത്തിനിടയിലും ഇന്ത്യ വളരുകയാണെന്ന് സര്‍ക്കാറിലുള്ളവര്‍ നിരന്തരം അവകാശവാദം ഉയര്‍ത്തുന്നതിനെ, കുരുടസാമ്രാജ്യത്തിലെ ഒറ്റക്കണ്ണന്‍ രാജാവാണ് ഇന്ത്യയെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഉപമിച്ചത്. ഇതിനോട് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, നിര്‍മല സീതാരാമന്‍ എന്നിവരും ബി.ജെ.പിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് രഘുറാം രാജന്‍ നിലപാടില്‍ ഉറച്ചുനിന്ന് സംസാരിച്ചത്.

പുണെയില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്‍റിന്‍െറ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. റിസര്‍വ് ബാങ്കിന്‍െറ തലപ്പത്തിരിക്കുന്ന ഒരാള്‍ പ്രായോഗികമായ കാഴ്ചപ്പാട് പറയുന്നതാണ് ഉചിതം. അമിത വിശ്വാസം കാണിക്കാന്‍ തനിക്ക് പറ്റില്ളെന്ന് രഘുറാം രാജന്‍ പറഞ്ഞു. ഓരോ ഇന്ത്യക്കാരനും മാന്യമായ ജീവനോപാധി നല്‍കണമെങ്കില്‍ സാമ്പത്തിക വളര്‍ച്ചയുടെ മികച്ച പ്രകടനം തുടര്‍ച്ചയായി 20 കൊല്ലമെങ്കിലും ആവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. അറുപതുകളില്‍ ഇന്ത്യയെക്കാള്‍ ചെറുതായിരുന്ന ചൈനയുടെ സമ്പദ്വ്യവസ്ഥ ഇന്ന് നമ്മളെക്കാള്‍ അഞ്ചിരട്ടി വലുതാണ്. ശരാശരി ഇന്ത്യക്കാരന്‍െറ നാലിരട്ടി സമ്പന്നനാണ് ചൈനക്കാരന്‍. അതുകൊണ്ട് അവകാശവാദം ഉന്നയിക്കണമെങ്കില്‍ നാം ഏറെ മുന്നോട്ടുപോകണം.
ഒറ്റക്കണ്ണന്‍ രാജാവെന്ന പരാമര്‍ശം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വ്യാഖ്യാനിച്ചതാണെന്ന് രഘുറാം രാജന്‍ കുറ്റപ്പെടുത്തി. അത്തരമൊരു ഉപമ അന്ധരുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇന്ത്യക്ക് ആഗോളതലത്തിലുള്ള പെരുമ വലിയൊരു മുതല്‍ക്കൂട്ടാണ്. എന്നാല്‍, വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ നമുക്ക് കഴിയുന്നില്ല. ഘടനാപരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കിയേ മതിയാവൂ. വളര്‍ച്ചാശേഷി ഇന്ത്യ ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. പരിഷ്കരണം നടപ്പാക്കുമ്പോഴാണ് അതിന് സാധിക്കുക -റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.