ന്യൂഡല്‍ഹി: വരള്‍ച്ചയില്‍ വിണ്ടുകീറി രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങള്‍. ചൂട് 45 ഡിഗ്രി കവിഞ്ഞിരിക്കെ, ചൂടുകാറ്റില്‍ തെലങ്കാനയില്‍ 49പേരും ഒഡീഷയില്‍ നാലുപേരും മരിച്ചു. വെള്ളവും ഭക്ഷ്യസാധനങ്ങളും തേടി പല ഗ്രാമങ്ങളില്‍നിന്നും ജനം നഗരങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. തെലങ്കാനയിലെ മെഹ്ബൂബ നഗര്‍, മഹാരാഷ്ട്രയിലെ ലാത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പലായനം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ നൂറുകണക്കിന് കര്‍ഷകരാണ് ജീവനൊടുക്കിയത്.
വെള്ളത്തിനുവേണ്ടിയുള്ള പോര് ആക്രമണത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് മറാത്ത്വാഡ മേഖലയിലെ പര്‍ബാനിയില്‍ നിരോധാജ്ഞ തുടരുകയാണ്. ലാത്തൂരില്‍ ജലസംഭരണികള്‍ക്ക് സമീപം ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്കുണ്ട്. കര്‍ണാടകയിലെ ചിക്കബെല്ലാപുര്‍, കോലാര്‍ എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ബന്ദ് നടത്തി. വാഹനങ്ങള്‍ക്കുനേരെ കല്ളേറുണ്ടായി.
40 വര്‍ഷങ്ങള്‍ക്കിടെ കാണാത്ത വരള്‍ച്ചയാണ് തെലങ്കാനയിലെ മെഹ്ബൂബ നഗര്‍, നിസാമാബാദ്, നല്‍ഗോണ്ട ജില്ലകളില്‍. വ്യാപക കൃഷിനാശത്തിനു പുറമെ, കാലികളെ പോറ്റാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ് കര്‍ഷകര്‍. വീടുവിട്ട് ആളുകള്‍ ഒഴിഞ്ഞുപോകുന്നു. തീറ്റയും വെള്ളവുമില്ലാതെ കാലികള്‍ ചാവുന്നു. പാതി വിലപോലും കിട്ടാതെ കാലികളെ വിറ്റഴിക്കുന്നു.
443ല്‍ 231 മണ്ഡലങ്ങള്‍ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കപ്പെട്ട തെലങ്കാനക്കു പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, യു.പി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നദികളും പാടങ്ങളും വിണ്ടുകീറി. കര്‍ണാടകം, തമിഴ്നാട്, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും അസഹ്യമായ ചൂടും ജലക്ഷാമവും നേരിടുകയാണ്. ആന്ധ്രയിലെ 670ല്‍ 359 മണ്ഡലങ്ങള്‍ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു.
ഭദ്രാചലം, ഖമ്മം, നല്‍ഗൊണ്ട, നിസാമാബാദ് എന്നിവിടങ്ങളില്‍ കൂടിയ ചൂട് 45 ഡിഗ്രിയാണ്. ഝാര്‍ഖണ്ഡിലെ ജാംഷെഡ്പൂരില്‍ ഏറ്റവുമുയര്‍ന്ന ചൂടായ 45.8 ഡിഗ്രി രേഖപ്പെടുത്തി. സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ ചൂടുകാറ്റ് ഭീഷണിയുണ്ട്. ഇവിടങ്ങളില്‍ 43 ഡിഗ്രി വരെയാണ് ചൂട്. ഒഡീഷയില്‍ രാവിലെ 11നും മൂന്നിനുമിടയില്‍ വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
13 സംസ്ഥാനങ്ങളിലെ 256 ജില്ലകളില്‍ 33 കോടി ജനങ്ങള്‍ വരള്‍ച്ചക്കെടുതി നേരിടുന്നതായി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 91 അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നു. സംഭരണശേഷിയുടെ 22 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടുകളിലുള്ളത്. മറാത്ത്വാഡയില്‍ ഇത് മൂന്നു ശതമാനം മാത്രമാണ്.
ലാത്തൂരിലേക്ക് രണ്ടാഴ്ചക്കിടയില്‍ ട്രെയിന്‍മാര്‍ഗം 70 ലക്ഷം ലിറ്റര്‍ വെള്ളമത്തെിച്ചു. എന്നാല്‍, ലാത്തൂരിന്‍െറ തൊണ്ട നനക്കാന്‍പോലും ഇത് പര്യാപ്തമല്ല. റെയില്‍വേയുടെ അധീനതയിലുള്ള താണെ, നവിമുംബൈ ഡാമുകളില്‍നിന്ന് വെള്ളം വിട്ടുകൊടുക്കാന്‍ വകുപ്പുമന്ത്രി സുരേഷ് പ്രഭു നിര്‍ദേശിച്ചു.
വരള്‍ച്ചക്കെടുതി നേരിടുന്നതിന് കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍െറ രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധം സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന് വ്യക്തം. പ്രധാനമന്ത്രി വരള്‍ച്ചബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.