പിലിബിത്ത്: കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും അഭിനന്ദന പ്രവാഹം. അകൽച്ചയിൽ കഴിയുന്ന സഹോദര ഭാര്യയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധിയാണ് പ്രസംഗത്തിനിടെ അഴിമതി തടയുന്നത് സോണിയയെ കണ്ടുപഠിക്കണമെന്ന് പറഞ്ഞത്.
പിലിബിത്തിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് പഴയൊരു സംഭവം മേനക ചൂണ്ടിക്കാട്ടിയത്. ഒരിക്കൽ സോണിയയുടെ ബന്ധു ഒരു കട തുടങ്ങി. ഇതിന്‍റെ പരസ്യത്തിനായി സോണിയയുടെ പേര് കടയുടമ ദുരുപയോഗം ചെയ്തു. പത്രത്തിലൂടെ പരസ്യം ചെയ്തുകൊണ്ടാണ് സോണിയ ഇതിനെതിരെ പ്രതികരിച്ചത്. ഒരു സഹായത്തിന് വേണ്ടിയും അയാളെ സമീപിക്കരുതെന്ന് പരസ്യത്തിലൂടെ സോണിയ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
സ്വജന പക്ഷപാതത്തിനെതിരെ സോണിയ സ്വീകരിച്ച ഈ മാതൃക അനുകരണീയമാണ്. സഹായം വേണ്ടവർ നേരിട്ട് സമീപിക്കണമെന്ന് പത്രത്തിലൂടെ പരസ്യം നൽകാവുന്നതാണ്. ജനപ്രതിനിധികളുടെ ഓഫീസിന്‍റെ ചുവരിലും ഇത് സംബന്ധിച്ച പരസ്യം പതിക്കാം. തങ്ങളെ ഉപയോഗിച്ച് അഴിമതി നടത്തുന്നവരെ ഇത്തരത്തിൽ പ്രതിരോധിക്കാം. ആവശ്യമെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജലൻസിനെ സമീപിക്കാമെന്നും തന്‍റെ നിയോജക മണ്ഡലത്തിലെ ജനങ്ങളോട് മേനക പറഞ്ഞു. ജൈവരീതിയിൽ കൃഷി ചെയ്യാനും പിലിബിത്തിലെ കർഷകരോട് മേനക ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.