വിദേശകമ്പനികളെ കെട്ടുകെട്ടിക്കുമെന്ന്  ബാബാ രാംദേവ്

ന്യൂഡല്‍ഹി: ഏതാനും വര്‍ഷങ്ങള്‍കൊണ്ട് അയ്യായിരം കോടിയുടെ വിറ്റുവരവുള്ള സ്ഥാപനമായി വളര്‍ന്ന തന്‍െറ ഭക്ഷ്യ-മരുന്നു ഉല്‍പാദന ശൃംഖലക്ക് അടുത്ത വര്‍ഷം പതിനായിരം കോടി വിറ്റുവരവുണ്ടാകുമെന്ന് ബാബ രാംദേവ്. വിദേശ കുത്തക കമ്പനികളെ കെട്ടുകെട്ടിക്കുകയാണ് തന്‍െറ ലക്ഷ്യമെന്നും ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ തനിക്കാവുന്നുണ്ടെന്നും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രമുഖ വിദേശ കമ്പനികളിലെ ദേശഭക്തരായ മുതിര്‍ന്ന ജീവനക്കാര്‍ തന്‍െറ സ്ഥാപനത്തിലേക്ക് ചേക്കേറിയിട്ടുണ്ട്. ഒരു വര്‍ഷത്തിനകം കോള്‍ഗേറ്റിന്‍െറ ഗേറ്റിന് താഴുവീഴും, നെസ്ലെയുടെ പക്ഷികള്‍ പറന്നുപോകും. വരള്‍ച്ചക്കെടുതി അനുഭവിക്കുന്ന വിദര്‍ഭ, ബുന്ദേര്‍ഖണ്ഡ് മേഖലകളില്‍ ജനങ്ങള്‍ക്ക് ലാഭകരമായ കൃഷി നടത്താനുള്ള സൗകര്യം ചെയ്തുകൊടുക്കും.
 ഭാരത്മാതാ വിവാദത്തില്‍ തലകൊയ്യുമെന്ന് ഗ്രാമീണ സംസാര ഭാഷയില്‍ പറഞ്ഞതാണെന്നും അഹിംസയിലും സഹവര്‍ത്തിത്വത്തിലും ഊന്നി മാത്രമേ പ്രവര്‍ത്തിക്കൂ എന്നും രാംദേവ് പറഞ്ഞു. 

കള്ളപ്പണം സംബന്ധിച്ച ചോദ്യത്തിന് ആ ചുമതല നരേന്ദ്ര മോദിയെ ഏല്‍പിച്ചിരിക്കുകയാണെന്നും താന്‍ സ്വദേശി വികസനത്തിലും യോഗ മുന്നേറ്റത്തിലുമാണ് ശ്രദ്ധപതിപ്പിക്കുന്നതെന്നുമായിരുന്നു മറുപടി. ബിഹാറില്‍ നിതീഷ് കുമാര്‍ നടപ്പാക്കിയ മദ്യനിരോധത്തെയും ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ നടത്തുന്ന ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തെയും രാംദേവ് പ്രശംസിച്ചു. ഉത്തരാഖണ്ഡിലെ ഭരണ അട്ടിമറിയില്‍ തനിക്കു പങ്കില്ളെന്നും താന്‍ എല്ലാം നേര്‍ക്കുനേര്‍ ചെയ്യുന്ന ആളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.