സ്വാതന്ത്ര്യസേനാനികളെ തീവ്രവാദിയെന്ന് വിശേഷിപ്പിക്കരുതെന്ന് ഡല്‍ഹി സര്‍വകലാശാലയോട് മന്ത്രാലയം

ന്യൂഡല്‍ഹി: ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ സ്വാതന്ത്ര്യ സമരസേനാനികളെ വിപ്ളവ തീവ്രവാദികള്‍ എന്നു വിശേഷിപ്പിക്കുന്ന നടപടി തിരുത്തണമെന്നു നിര്‍ദേശിച്ച് മാനവശേഷി വികസന മന്ത്രാലയം ഡല്‍ഹി സര്‍വകലാശാലക്ക് കത്തു നല്‍കി. സര്‍വകലാശാലയുടെ ചരിത്ര പാഠപുസ്തകങ്ങളില്‍ ഇത്തരം പ്രയോഗമുള്ളത് പ്രതിഷേധത്തിന് വഴിയൊരുക്കിയ സാഹചര്യത്തിലാണിത്. ടെററിസ്റ്റ് എന്ന വാക്കിന് ഇപ്പോള്‍ മറ്റൊരു അര്‍ഥമാണെന്നും അതു പ്രയോഗിച്ച് ദേശീയതാ വികാരത്തെ ഹനിക്കരുതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രമുഖ ചരിത്രകാരന്‍ ബിപിന്‍ ചന്ദ്രയും മൃദുല മുഖര്‍ജിയും ചേര്‍ന്ന് രചിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന പുസ്തകത്തിന്‍െറ 20ാം അധ്യായത്തിലാണ് സമരസേനാനികളെ റെവലൂഷനറി ടെററിസ്റ്റ്-വിപ്ളവ തീവ്രവാദികള്‍-എന്നു വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ ഭഗത് സിങ്ങിന്‍െറ കുടുംബം പ്രതിഷേധമറിയിച്ചിരുന്നു. മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതിയ കുടുംബം സര്‍വകലാശാല വി.സി യോഗേഷ് ത്യാഗിയെയും സന്ദര്‍ശിച്ച് കാര്യം ശ്രദ്ധയില്‍പെടുത്തി.
സ്വാതന്ത്ര്യം നേടി 68 വര്‍ഷം പിന്നിട്ടിട്ടും അതിനായി ജീവന്‍ നല്‍കിയ ധീരരെ ഇത്തരം വാക്കുകളാല്‍ വിശേഷിപ്പിക്കുന്നത് വേദനാജനകമാണെന്ന് ഭഗത് സിങ്ങിന്‍െറ അനന്തരവന്മാരിലൊരാളായ അഭയ് സിങ് സന്ധു പറഞ്ഞു. ഈ പരാമര്‍ശമുള്ള പുസ്തകം പാഠപുസ്തകമല്ല, റഫറന്‍സ് ഗ്രന്ഥമാണെന്നറിയിച്ച വി.സി വിഷയത്തില്‍ ഗൗരവപൂര്‍വം നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.