മിനി പാകിസ്താൻ കാണിച്ചുതരാമെന്ന ബംഗാൾ മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

കൊൽക്കത്ത: ‘മിനി പാകിസ്താൻ’ കാണിച്ചുതരാമെന്ന പശ്ചിമ ബംഗാൾ നഗര വികസന മന്ത്രി ബോബി ഫിർഹാദ് ഹാകിമിന്‍റെ പ്രസ്താവന വിവാദമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടെ പാകിസ്താൻ മാധ്യമപ്രവർത്തകൻ മലീഹ ഹാമിദി സിദ്ദീഖിയോടാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. തന്‍റെ കൂടെ വന്നാൽ കൊൽക്കത്തയിലെ മിനി പാകിസ്താൻ കാണിച്ചുതരാമെന്നായിരുന്നു ദ ഡോണിന്‍റെ റിപ്പോർട്ടറായ ഹാമിദി സിദ്ദീഖിയോട് മന്ത്രി പറഞ്ഞത്. ഇത് പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. കൊൽക്കത്തയിലെ തുറമുഖ മേഖലയെ‍യാണ് ‘മിനി പാകിസ്താൻ’ എന്ന് മന്ത്രി പരാമർശിച്ചത്. അവിടുത്തെ സ്ഥാനാർഥിയാണ് ഫിർഹാദ് ഹാകിം.

മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായി കൂടിയായ ഹാകിം നേരത്തെ നാരദ ഒളികാമറ ഒാപറേഷനിൽ ഉൾപ്പെട്ടതും വിവാദമായിരുന്നു. എന്നാൽ മന്ത്രിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ പ്രതികരണം. വിവാദം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തൃണമൂൽ നേതാവ്  അഭിഷേക് ബാനർജി പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സിദ്ദാർഥ് നാഥ് രംഗത്തെത്തി. ഇത്തരം പ്രസ്താവനകകൾ നടത്തുന്ന ഹകീമിന് ആരും വോട്ട് നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

‘കൊൽക്കത്തയിലെ മിനിപാകിസ്താനിലെ വോട്ടുപിടുത്തം’ എന്ന മലീഹ ഹാമിദി സിദ്ദീഖിയുടെ ലേഖനം ഡോണിന്‍റെ ഒാൺലൈൻ എഡിഷനിൽ പ്രസിദ്ധീകരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.