എ.ടി.എം കവര്‍ച്ച: ഗബ്രിയേല്‍ വലിച്ചത് എട്ടുലക്ഷം

മുംബൈ: ഹൈടെക് എ.ടി.എം കവര്‍ച്ച കേസ് പ്രതി ഗബ്രിയേല്‍ മരിയന്‍ മുംബൈ നഗരത്തിലെ 25 ഓളം എ.ടി.എമ്മുകളില്‍നിന്ന് വ്യാജ കാര്‍ഡുകളുപയോഗിച്ച് വലിച്ചത് എട്ടുലക്ഷം രൂപയോളം.
നഗരത്തിലെ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന മാഗ്നറ്റിക് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് വ്യാജ എ.ടി.എം കാര്‍ഡുണ്ടാക്കിയത്. മുംബൈയിലെ ഓപണ്‍ മാര്‍ക്കറ്റുകളില്‍ മാഗ്നറ്റിക് കാര്‍ഡ് സുലഭമാണ്. കേരളത്തിലെ എ.ടി.എമ്മുകളില്‍നിന്ന് കവര്‍ന്ന വിവരങ്ങളുപയോഗിച്ച് വ്യാജ കാര്‍ഡുണ്ടാക്കുകയായിരുന്നു ഗബ്രിയേല്‍. കഴിഞ്ഞ ഒന്നു മുതല്‍ എട്ടുവരെ ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള ബ്ളൂബേര്‍ഡ് ഹോട്ടലിലാണ് ഗബ്രിയേല്‍ താമസിച്ചത്. കൂടെ റുമേനിയക്കാരനായ മറ്റൊരാളുമുണ്ടായിരുന്നെന്ന് തിരുവനന്തപുരം മ്യൂസിയം എസ്.ഐ ശ്രീകാന്ത് പറഞ്ഞു. അന്വേഷണത്തിനും തെളിവെടുപ്പിനും നേതൃത്വം നല്‍കാന്‍ കന്‍േറാണ്‍മെന്‍റ് എ.സി.പി കെ.ഇ. ബൈജു നഗരത്തില്‍ എത്തിയിട്ടുണ്ട്. രണ്ടു സംഘങ്ങളായാണ് തെളിവെടുപ്പ്. വ്യാഴാഴ്ച ബ്ളൂബേര്‍ഡ് ഹോട്ടലിലും ദക്ഷിണ മുംബൈയിലെ ഡി.എന്‍ റോഡിലുള്ള രണ്ടു എ.ടി.എമ്മുകളിലും തെളിവെടുപ്പ് നടത്തി. സെന്‍ട്രല്‍ ബാങ്കിന്‍െറ എ.ടി.എമ്മിലേതടക്കം രണ്ടു ബാങ്കുകളില്‍നിന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഇടങ്ങളില്‍ രണ്ടു സംഘങ്ങളായാണ് തെളിവെടുപ്പ് നടത്തുക. എ.ടി.എമ്മുകള്‍ പലയിടങ്ങളിലായതും നഗരത്തിലെ ഗതാഗത കുരുക്കും തെളിവെടുപ്പിന് പ്രതിസന്ധി തീര്‍ക്കുന്നു. കൊളാബ, മാണ്ട്വി, മാഹിം, വര്‍ളി തുടങ്ങിയ പ്രദേശങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് ഗബ്രിയേല്‍ പണമെടുത്തത്. ഗബ്രിയേല്‍ താമസിച്ച മറ്റ് ഹോട്ടലുകളായ മനാമയിലും നവിമുംബൈയിലെ തുങ്ക ഹോട്ടലിലും ബുധനാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ഒമ്പതിനാണ് ഗബ്രിയേല്‍ കൊളാബയിലെ ബ്ള്യൂബേര്‍ഡ് ഹോട്ടലില്‍ നിന്ന് നവിമുംബൈയിലെ വാശിയിലുള്ള തുങ്ക ഹോട്ടലിലേക്ക് മാറിയത്. അന്ന് പിടിയിലാവുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.