മത്സ്യക്കടുവ കാമറക്കായി ഇനി പോസ് ചെയ്യില്ല

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കുടൂതല്‍ കാമറയില്‍ പതിഞ്ഞ മൃഗങ്ങളിലൊന്ന് എന്ന വിശേഷണമുള്ള മത്സ്യക്കടുവ ഇനിയില്ല. രാജസ്ഥാനിലെ രന്‍ഥംബോര്‍ ദേശീയ ഉദ്യാനത്തിലെ രാജ്ഞിയായ ‘മച് ലി’ പെണ്‍കടുവയാണ് ചത്തത്.

19 വയസ്സുള്ള മച്ലി ലോകത്തെതന്നെ ഏറ്റവും പ്രായമുള്ള പെണ്‍കടുവയായിരുന്നു. മുഖത്തെ മത്സ്യത്തോട് സാമ്യമുള്ള അടയാളങ്ങളുടെ പേരിലാണ് ‘മച് ലി’ എന്ന വിളിപ്പേര് കിട്ടിയത്. പ്രശസ്ത ഡോക്യുമെന്‍ററി ഛായാഗ്രാഹകന്‍ കോളിന്‍ പാട്രിക്കാണ് ‘മത്സ്യക്കടുവ’ എന്ന പേരിട്ടത്. വന്യജീവികളുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററിയില്‍ തന്നേക്കാളേറെ വലുപ്പമുള്ള മുതലയുമായുള്ള പോരാട്ടം മച് ലിയെ പ്രശസ്തയാക്കി.

മിക്കപ്പോഴും ഉദ്യാനത്തിലെ തടാകത്തിനരികെ തന്നെ കാണപ്പെടുന്നതിനാല്‍ ‘തടാകത്തിലെ രാജ്ഞി’ എന്ന പേരിലും അറിയപ്പെട്ടു. സഞ്ചാരികള്‍ക്കുമുന്നില്‍ പ്രസന്നതയോടെ പ്രത്യക്ഷപ്പെട്ടിരുന്നതിനാല്‍ മച്ലിയുടെ പടം പകര്‍ത്തിയിട്ടേ സന്ദര്‍ശകര്‍ ഉദ്യാനം വിടുമായിരുന്നുള്ളൂ. 1997ലാണ് രന്‍ഥംബോറിലത്തെിയത്. മച് ലിയുടെ പേരില്‍ ഉദ്യാനം അധികൃതര്‍ ഫേസ്ബുക് പേജ് വരെ തുടങ്ങിയിരുന്നു.
പ്രായമേറിയതിനാല്‍ പല്ലുകൊഴിഞ്ഞ് ഭക്ഷണം കഴിക്കാനാവാതെ വാര്‍ധക്യത്തിന്‍െറ അവശതയിലായിരുന്നു. കഴിഞ്ഞയാഴ്ച കിടന്നിടത്തുനിന്ന് എഴുന്നേല്‍ക്കാനാവാതെ വന്നതോടെ ചികിത്സ നല്‍കിയിരുന്നു. 15 വര്‍ഷം വരെയാണ് കടുവകളുടെ ആയുസ്സെങ്കിലും മച് ലിക്ക് ദീര്‍ഘായുസ്സ് ലഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.