ലക്നൗ: എൽ.കെ.ജിയിലും ഒന്നാം ക്ലാസിലൊന്നും പഠിക്കാതെ നേരിട്ട് ഒമ്പതാം ക്ലാസിലേക്ക് പ്രവേശം നേടിയിരിക്കുകയാണ് നാല് വയസ്സുകാരിയായ അനന്യവർമ. 2011 ഡിസംബര്‍ 1നാണ് അനന്യയുടെ ജനനം. ഈ പ്രായത്തില്‍ തന്നെ ഹിന്ദി വായിക്കാൻ അനന്യ പഠിച്ചു. ഒമ്പതാം ക്ലാസിലെ പുസ്തകങ്ങളും മനപാഠമാണ്. അനന്യയുടെ ബുദ്ധിശക്തി തിരിച്ചറിഞ്ഞ ലക്നൗവിലെ സെൻറ് മീര ഇന്റര്‍ കോളേജില്‍ അഡ്മിഷന്‍ നല്‍കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സമ്മതത്തോടെയാണ് നടപടി. അനന്യ കഴിവുള്ള കുട്ടിയാണെന്നും ആര്‍ക്കും അവളുടെ അഡ്മിഷന്‍ തടയാന്‍ സാധിക്കില്ലെന്നും ജില്ലാ സ്കൂള്‍ ഇന്‍സ്പെക്ടര്‍ ഉമേഷ് ത്രിപാഠി പറഞ്ഞു.
ബുദ്ധിശക്തിയുടെ കാര്യത്തില്‍ അനന്യയുടെ സഹോദരീ സഹോദരന്‍മാരും ഒട്ടും പിന്നിലല്ല. പതിനാലാം വയസില്‍ ബി.സി.എ പാസായ ആളാണ് മൂത്ത സഹോദരനായ ശൈലേന്ദ്ര. പതിനഞ്ചാം വയസില്‍ സഹോദരി സുഷമക്ക് അംബേദ്ക്കര്‍ സര്‍കലാശാലയില്‍ പി.എച്ച്.ഡിക്ക് അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്. ഒന്നര വയസ് കഴിഞ്ഞപ്പോൾ അനന്യ രാമായണം വായിച്ചു തുടങ്ങിയതായി പിതാവ് ബഹദൂര്‍ പറഞ്ഞു. കുട്ടിയെ പഠിക്കാന്‍ നിര്‍ബന്ധിക്കേണ്ട ആവശ്യം വരാറില്ലെന്നും കഴിവുള്ള മക്കളുടെ കാര്യത്തില്‍ തങ്ങള്‍ അനുഗൃഹീതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനന്യയുടെ പ്രിന്‍സിപ്പളായ അനിതരാത്രി കുട്ടിയുടെ ബുദ്ധി കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ പത്താം ക്ലാസില്‍ ചേരണമെന്ന ആവശ്യവുമായി അനന്യ സമീപിച്ചിരുന്നു. അവളുടെ ചേച്ചി അപ്പോള്‍ ഒമ്പതാം ക്ലാസിലായിരുന്നു. അവളോട് പത്രം വായിക്കാന്‍ ആവശ്യപ്പെട്ടതായും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കുട്ടിയുടെ കഴിവ് തന്നെ അതിശയപ്പെടുത്തിയതായും അനിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.