ന്യൂഡല്‍ഹി: ഹോസ്റ്റലില്‍വെച്ച് ജെ.എന്‍.യുവിലെ ഗവേഷക വിദ്യാര്‍ഥിനിയെ മാനഭംഗത്തിന് ഇരയാക്കിയ വിദ്യാര്‍ഥി നേതാവ് അന്‍മോല്‍ രത്തന്‍ പൊലീസില്‍ കീഴടങ്ങി. പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
പരാതി വന്നതിന് പിന്നാലെ ഐസ (ആള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍) ഡല്‍ഹി സംസ്ഥാന ഘടകം മുന്‍ പ്രസിഡന്‍റായ അന്‍മോല്‍ രത്തനെ സംഘടനയില്‍നിന്ന് പുറത്താക്കിയിരുന്നു.
ഗവേഷക വിദ്യാര്‍ഥി ആവശ്യപ്പെട്ട ഒരു സിനിമ പെന്‍ഡ്രൈവുമായി വന്നാല്‍ പകര്‍ത്തി നല്‍കാമെന്നു പറഞ്ഞ് ഹോസ്റ്റല്‍ മുറിയില്‍ വരുത്തുകയും മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. പുറത്തുപറഞ്ഞാല്‍, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണി വകവെക്കാതെ പൊലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ഥിനിക്ക് പിന്തുണയുമായി വിദ്യാര്‍ഥി സംഘടനകളും രംഗത്തുവന്നതോടെയാണ് ഒളിവില്‍ പോയ അന്‍മോല്‍ രത്തന്‍ കീഴടങ്ങിയത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.