തെരുവിലെ കുട്ടികളുടെ പേരില്‍ ആകുലപ്പെടാതെ

ഹൗസ്ബോട്ടുകളും ഷികാറകളും ചലനമറ്റ് കിടക്കുന്ന ദാല്‍ തടാകത്തിന് ഓരംചേര്‍ന്ന റോഡിലൂടെ കശ്മീര്‍ സര്‍വകലാശാലയിലേക്ക് പോകുകയാണ്. നടുറോഡില്‍ ടയറുകള്‍ കത്തിച്ച് ഒരു സംഘം ചെറുപ്പക്കാര്‍ കല്ലുകളേന്തി മുദ്രാവാക്യം വിളിക്കുന്നതുകണ്ട് രണ്ട് വാഹനങ്ങളും നിര്‍ത്തി. അവര്‍ മാടിവിളിക്കുകയാണ്.
സംസാരിച്ചുനോക്കട്ടെയെന്ന് പറഞ്ഞ് ഡ്രൈവര്‍മാര്‍ പോയി നോക്കിയെങ്കിലും ഡല്‍ഹിയില്‍നിന്നുള്ളവരാണെങ്കില്‍ എറിയുമെന്ന് തീര്‍ത്തുപറഞ്ഞതോടെ ഇരുവരും മടങ്ങി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ മാത്രം അവര്‍ക്കരികിലത്തെി. കശ്മീരികള്‍ക്ക് ‘ആസാദി’ മതിയെന്ന് അവര്‍ വിളിച്ചുപറഞ്ഞു.
കശ്മീരികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍മാത്രം ഡല്‍ഹിയില്‍നിന്ന് വന്നതാണെന്നും സര്‍വകലാശാലയിലെ അധ്യാപകര്‍ തങ്ങളെ കാത്തിരിക്കുകയുമാണെന്നും പറഞ്ഞതോടെ കല്ളേറുകാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയായി. ഒടുവില്‍ മുഖംമറച്ചുകെട്ടിയ കൂട്ടത്തില്‍ തലയെടുപ്പുള്ളവന്‍ ആംഗ്യംകാണിച്ചതോടെ പോകാന്‍ അനുവാദം തന്നു.
വാഹനം കടന്നുപോകുമ്പോള്‍ കൈകളിലെ കല്ലുകളുയര്‍ത്തിപ്പിടിച്ച് അവര്‍ ‘ആസാദി’ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. യാത്ര തടസ്സപ്പെടുത്തിയ പ്രക്ഷോഭകരുടെ കാര്യം ഓര്‍മിപ്പിച്ചാണ് കശ്മീര്‍ യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റും ലോ ഡിപ്പാര്‍ട്മെന്‍റിലെ അസോസിയറ്റ് പ്രഫസറുമായ ഡോ. മുഹമ്മദ് ഹുസൈനുമായുള്ള സംസാരം തുടങ്ങിയത്. 16നും 23നുമിടയില്‍ പ്രായമുള്ളവരാണവര്‍. മാതാപിതാക്കളോട് പറഞ്ഞിട്ട് കല്ളെറിയാന്‍ പോകുകയാണ്. സ്കൂളും കോളജും സര്‍വകലാശാലകളും പൂട്ടിയിട്ടിട്ട് ഒന്നരമാസമായി. ഒരാള്‍ക്കുപോലും അതില്‍ വേവലാതിയോ ഉത്്കണ്ഠയോ ഇല്ല. 1990ലും 2010ലും ഇതായിരുന്നില്ല സ്ഥിതി. അന്ന് സ്കൂളുകള്‍ അടച്ചതോര്‍ത്ത് ആകുലപ്പെടുന്ന രക്ഷിതാക്കളെ കാണാമായിരുന്നു. ഇന്ന് അത്തരമൊരു ആകുലതയില്ല.
ലിംഗ്വിസ്റ്റിക്സ് അസിസ്റ്റന്‍റ് പ്രഫസറും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. മുസവിര്‍ സലാം, 16കാരന്‍ കൊല്ലപ്പെട്ട സ്വന്തം ഗ്രാമത്തിലെ അനുഭവം പങ്കുവെച്ചു. കൊല്ലപ്പെട്ട അതേ ഗ്രൗണ്ടില്‍ പിറ്റേന്ന് അവന്‍െറ സമപ്രായക്കാര്‍ ഒരുമിച്ചുകൂടി, സുഹൃത്തിനെപ്പോലെ ‘ആസാദി’ക്കായി തങ്ങളും മരിക്കുമെന്ന് പ്രതിജ്ഞ
യെടുത്തു.
ഈ ചെറുപ്പക്കാരെയത്രയും കൊന്ന് പ്രശ്നം പരിഹരിക്കാമെന്നാണോ നിങ്ങള്‍ കരുതുന്നതെന്ന് മുസവിര്‍ ചോദിച്ചു? ബുര്‍ഹാന്‍ വാനി നിമിത്തം മാത്രമായിരുന്നെന്നും അഞ്ചാറു വര്‍ഷമായി താഴ്വരയാകെ തിളച്ചുമറിയുന്ന ‘ആസാദി’യുടെ ലാവയാണ് ഇപ്പോള്‍ പൊട്ടിയൊലിച്ച് പരന്നൊഴുകിയിരിക്കുന്നതെന്നും മുസവിര്‍ പറഞ്ഞു.
മുസവിറിന്‍െറ ഈ അനുഭവം കേട്ട് ‘റൈസിങ് കശ്മീര്‍’ എഡിറ്റര്‍ ശുജാഅത്ത് ബുഖാരി, ജമ്മു-കശ്മീര്‍ പൊലീസിലെ മുതിര്‍ന്ന ഓഫിസറുടെ സമാന അനുഭവം ചേര്‍ത്തുവെച്ചു.
ഈ വര്‍ഷം ഹജ്ജിന് പോകാന്‍ പുറപ്പെട്ട പൊലീസ് ഓഫിസറുടെ വണ്ടി തടഞ്ഞുനിര്‍ത്തിയ മീശ മുളക്കാത്ത രണ്ട് ഡസന്‍ പയ്യന്മാര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. ഹജ്ജിനാണെന്ന മറുപടി കേട്ടപ്പോള്‍ തങ്ങള്‍ക്കും വേണ്ടി ഹറമില്‍പോയി പ്രാര്‍ഥിക്കണമെന്നായി.
ആയിക്കോട്ടെയെന്ന് പറഞ്ഞൊഴിഞ്ഞ ഓഫിസറെ അവര്‍ വിട്ടില്ല. എന്തു പ്രാര്‍ഥിക്കണം എന്ന് ചോദിക്കൂവെന്നായി സംഘം. അത് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഓഫിസറെ സ്തബ്ധനാക്കി.
(തുടരും)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.