ന്യൂഡല്‍ഹി: ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ കഴിയാത്ത സിംഗൂരിലെ പാവപ്പെട്ട കര്‍ഷക തൊഴിലാളികളുടെ പക്ഷത്തായിരുന്നു നില്‍ക്കേണ്ടിയിരുന്നതെന്ന് പശ്ചിമ ബംഗാളിലെ മുന്‍ ഇടതു സര്‍ക്കാറിനെ സുപ്രീംകോടതി ഓര്‍മിപ്പിച്ചു. മുന്‍ ഇടതു സര്‍ക്കാറിന്‍െറ രീതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സുപ്രീംകോടതി ഭൂമി ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ക്ക് കലക്ടര്‍ക്ക് മുമ്പാകെ അതറിയിക്കാനുള്ള അവസരം നല്‍കിയില്ളെന്നും തുടര്‍ന്ന് കലക്ടറുടെ റിപ്പോര്‍ട്ട് മനസ്സിരുത്താതെ അംഗീകരിച്ചെന്നും കുറ്റപ്പെടുത്തി. നിലപാടുകളിലുണ്ടായ വിയോജിപ്പുകള്‍മൂലം വ്യത്യസ്ത വിധിന്യായങ്ങളാണ് ജഡ്ജിമാര്‍ പുറപ്പെടുവിച്ചത്.
രാഷ്ട്രീയ അജണ്ടകള്‍ക്കായി നിയമം അട്ടിമറിക്കാനാവില്ളെന്ന ടാറ്റയുടെ വാദം അംഗീകരിച്ച സുപ്രീംകോടതി അതേസമയം, മുന്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത് നിയമവിരുദ്ധമായിട്ടാണെങ്കില്‍ ആ തീരുമാനം മാറ്റാന്‍ പുതിയ സര്‍ക്കാറിന് അനുവാദമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. ഭൂമി ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ക്ക് അത് കലക്ടര്‍ക്ക് മുമ്പാകെ അറിയിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കാതിരുന്നത് നിയമവിരുദ്ധമാണ്. സ്വാഭാവിക നീതിയുടെ നിഷേധവുമാണ്. പലരുടെയും എതിര്‍പ്പ് തള്ളിയതിന് കൃത്യമായ കാരണവും സര്‍ക്കാര്‍ നിരത്തിയില്ല. അതിനാല്‍, കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയില്ല.
ടാറ്റ മോട്ടോഴ്സ് എന്ന കമ്പനിയുടെ ആവശ്യം പൊതു ആവശ്യമായി പരിഗണിക്കാനാവില്ളെന്ന് ജസ്റ്റിസ് ഗൗഡ ചൂണ്ടിക്കാട്ടിയപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നതിനാല്‍ പൊതു ആവശ്യമായി അംഗീകരിക്കാമെന്ന് ജസ്റ്റിസ് മിശ്ര വിലയിരുത്തി. അതേസമയം, നാനോ കമ്പനി ഗുജറാത്തിലേക്ക് മാറിയതിനാല്‍, ഭൂമി ഏറ്റെടുത്ത ആവശ്യത്തിനല്ല ഉപയോഗിക്കുന്നത് എന്ന കാരണത്താല്‍ നടപടി റദ്ദാക്കുകയാണെന്ന് മിശ്ര തന്‍െറ വിധിപ്രസ്താവത്തില്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്‍െറ സാമൂഹിക സാമ്പത്തിക വികസനത്തിനും തൊഴിലവസരമുണ്ടാക്കുന്നതിനും സഹായകരമാകുന്നതിനാല്‍ ടാറ്റയുടെ സ്ഥലമെടുപ്പ് പൊതു ആവശ്യമായി അംഗീകരിക്കണമെന്ന ആവശ്യവും ജസ്റ്റിസ് ഗൗഡ വിധിയില്‍ അംഗീകരിച്ചില്ല. പൊതു ആവശ്യമാണെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാറിന്‍െറ പണം ഇതില്‍ നിക്ഷേപിക്കാതിരുന്നതെന്ന് ജസ്റ്റിസ് ഗൗഡ ചോദിച്ചു. സിംഗൂരിലെ ഭൂമി ഏറ്റെടുക്കല്‍ ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് എന്ന കമ്പനിക്ക് വേണ്ടിയായതിനാല്‍ പൊതു ആവശ്യമായി കണക്കാക്കാനാവില്ല -അദ്ദേഹം വ്യക്തമാക്കി. ഭൂമി നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും അഭിപ്രായം പ്രത്യേകം തേടണമെന്ന് ജസ്റ്റിസ് ഗൗഡ വ്യക്തമാക്കിയപ്പോള്‍ എല്ലാവര്‍ക്കുമായി ഒരു ഗസറ്റ് വിജ്ഞാപനം മതിയാകുമായിരുന്നുവെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.