ദാഭോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സി.ബി.ഐ വിദഗ്ധാഭിപ്രായം തേടും

മുംബൈ: അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയ ആക്ടിവിസ്റ്റുകളായ നരേന്ദ്ര ദാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവരുടെ വധത്തില്‍ സി.ബി.ഐ മറ്റു അന്വേഷണ ഏജന്‍സികളുടെ വിദഗ്ധാഭിപ്രായം തേടും. ഇവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം സംബന്ധിച്ച് ഫോറന്‍സിക് ലബോറട്ടറികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വൈരുധ്യമുള്ള സാഹചര്യത്തിലാണ് മറ്റൊരു ഏജന്‍സിയുടെ സഹായം തേടുന്നതെന്ന് സി.ബി.ഐ ബോംബെ ഹൈകോടതിയെ അറിയിച്ചു. സ്കോട്ലന്‍ഡില്‍നിന്നുള്ള വിദഗ്ധരുടെ സഹായം തേടാന്‍ ഉദ്ദേശിക്കുന്നുവെന്നും ഇതിന് ചുരുങ്ങിയത് രണ്ടു മാസമെടുക്കുമെന്നും സി.ബി.ഐ പറഞ്ഞു.
മൂന്നു കൊലപാതകങ്ങള്‍ക്കും വ്യത്യസ്ത തരത്തിലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുവെന്നാണ് ബംഗളൂരുവിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, ഒരേതരത്തിലുള്ള ആയുധം ഉപയോഗിച്ചുവെന്നാണ് മുംബൈയിലെ കാലിന ലബോറട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
അതിനിടെ, എന്‍.ഐ.എയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദാഭോല്‍ക്കറുടെയും പന്‍സാരെയുടെയും ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. എന്നാല്‍, ഇക്കാര്യം കോടതി തള്ളി. നിലവില്‍ അന്വേഷണം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി. കേസ് 29ന് വീണ്ടും പരിഗണിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.