ശ്രീ ശ്രീ രവിശങ്കര്‍ നൊബേല്‍ ശിപാര്‍ശ പട്ടികയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ സമാധാനത്തിനുള്ള  നൊബേല്‍ ശിപാര്‍ശ പട്ടികയിലുണ്ടെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രവിശങ്കറിനു  പുറമെ ഗ്രീസിലെ സൂസന്‍ സാരൻറോനുമാണ് ശിപാര്‍ശ പട്ടികയിലുള്ളതെന്നറിയുന്നു. നൊബേല്‍ നോമിനേഷന്‍ ലഭിച്ചവരുടെ പട്ടിക നോര്‍വെയിലെ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  പുറത്തു വിടാറില്ല.

ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ സമാധാന പ്രക്രിയയില്‍ മുഖ്യമായ പങ്കു വഹിച്ചു എന്നതാണ രവിശങ്കര്‍ നൊബേല്‍ ലിസ്റ്റില്‍  ഉള്‍പ്പെടാന്‍ കാരണമായി പറയുന്നത്. 2012 മുതല്‍ ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ കൊളംബിയയില്‍ സമാധാനം സംസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. ഇത് പരിഗണിച്ചുകൊണ്ട് കൊളംബിയയുടെ ഏറ്റവൂം വലിയ സിവിലിയന്‍ ബഹുമതി കഴിഞ്ഞ ജൂലൈയില്‍ രവിശങ്കറിന് സമ്മാനിച്ചിരുന്നു.

നോര്‍വെ ആസ്ഥാനമായ നൊബേല്‍ ഫൗണ്ടേഷന്‍ ശിപാര്‍ശ ചെയ്യപ്പെട്ടവരുടെ പേര് പുറത്തു വിട്ടിട്ടില്ലെങ്കിലും അമേരിക്കയിലെ മുന്‍ രഹസ്യാന്വേഷണ വിഭാഗം ഓഫീസറായിരുന്ന എഡ്വേഡ് സ്നോഡനും കൊളംബിയയില്‍ സമാധാനത്തിന് മുന്‍കൈ എടുക്കുന്ന സംന്നദ്ധ സംഘടനയും നൊബേല്‍ ശിപാര്‍ശ പട്ടികയിലുണ്ടെന്നാണ് നൊബേല്‍ നിരീക്ഷികരെ ഉദ്ധരിച്ച് തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.

ആര്‍ട് ഓഫ് ലിവിങ് നടത്തുന്ന സമാധാന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഇന്ത്യന്‍ സര്‍ക്കാറും കഴിഞ്ഞ ജനുവരിയില്‍ രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി രവിശങ്കറിനെ ആദരിച്ചിരുന്നു. നൊബേല്‍ ശുപാര്‍ശ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്നിന് അവസാനിച്ചിരുന്നു. 2016 ഒക്ടോബറിനാണ്  നൊബേല്‍ ജേതാക്കളുടെ പേര് പുറത്തു വിടുന്നത്. 1.2 ദശലക്ഷം രൂപയാണ് നൊബേല്‍ സമ്മാന തുക. 1902 മുതല്‍ കൊടുത്തു തുടങ്ങിയ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ഇന്ത്യയില്‍ നിന്ന് ഇതുവരെ മൂന്ന് പേരാണ് അര്‍ഹരായിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.