എന്‍ജിനീയറിങ് കോളജ് പരിസരത്ത് സ്ഫോടനം; ഒരാള്‍ മരിച്ചു

ചെന്നൈ: വെല്ലൂര്‍ ജില്ലയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജ് കാമ്പസില്‍ ദുരൂഹ സാഹചര്യത്തിലുണ്ടായ സ്ഫോടനത്തില്‍ കോളജ് ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ടു. വെല്ലൂര്‍ സ്വദേശിയായ കാമരാജാണ് മരിച്ചത്. രണ്ടു പൂന്തോട്ടക്കാരുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് സാരമായി പരിക്കുണ്ട്. നത്രംപള്ളിയിലെ ഭാരതീദാസന്‍ എന്‍ജിനീയറിങ് കോളജിലാണ് സംഭവം. കാമ്പസില്‍ കോളജ് ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലത്ത് ശനിയാഴ്ച രണ്ടോടെയാണ് പൊട്ടിത്തെറിയുണ്ടായത്.
ഒരു ബസിന്‍െറ പിന്‍ഭാഗത്തായാണ് സ്ഫോടനം ഉണ്ടായത്. ഈ സമയം ഉച്ചഭക്ഷണത്തിനുശേഷം പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു കാമരാജ്. ഏഴു കോളജ് ബസുകളുടെയും കെട്ടിടങ്ങളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഭവസ്ഥലത്ത് രണ്ടടി താഴ്ചയില്‍ മണ്ണ് മാറിയിട്ടുണ്ട്. ഉച്ചഭക്ഷണശേഷം വിദ്യാര്‍ഥികള്‍ ക്ളാസ് മുറികളിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഡ്രോണ്‍പോലുള്ള വസ്തുക്കള്‍ ആകാശത്തുനിന്ന് പതിച്ചതാണെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രചാരണമുണ്ടായി. ജില്ലാ ഭരണകൂടം ഇത് നിഷേധിച്ചു. ചവറുകൂന കത്തിച്ചപ്പോള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ ഉപേക്ഷിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചതാകാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വിശദ അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി സെന്തില്‍കുമാര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.