ഇന്റർനെറ്റ് സമത്വത്തിന് ട്രായ് അംഗീകാരം

ന്യൂഡല്‍ഹി: നിരക്ക് ഇളവിന്‍െറ മറവില്‍ സൈബര്‍ ലോകത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ഫേസ്ബുക് ഉള്‍പ്പെടെയുള്ള കുത്തകകളുടെ നീക്കത്തിന് തിരിച്ചടി നല്‍കി ഇന്‍റര്‍നെറ്റ് സമത്വത്തിന് (നെറ്റ് ന്യൂട്രാലിറ്റി) ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) അംഗീകാരം നല്‍കി. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേക സേവനങ്ങള്‍ക്ക് അധികം തുക ഈടാക്കാനുള്ള ടെലികോം സേവനദാതാക്കളുടെ നീക്കത്തിനും ട്രായ് നടപടി തിരിച്ചടിയാകും. ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ സൗജന്യം അല്ളെങ്കില്‍ നിരക്ക് ഇളവ് എന്നിങ്ങനെയുള്ള ആനുകൂല്യം പാടില്ളെന്ന് ട്രായ് നിര്‍ദേശം നല്‍കി. പൊതുജനാഭിപ്രായം പരിഗണിച്ചാണ് നടപടിയെന്നും വിലക്ക് ലംഘിക്കുന്ന കമ്പനികള്‍ക്ക് പ്രതിദിനം 50,000 രൂപ വീതം പരമാവധി 50 ലക്ഷം പിഴ ചുമത്തുമെന്നും ട്രായ് ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ പറഞ്ഞു.

ഇന്‍റര്‍നെറ്റ് കൈപ്പിടിയിലൊതുക്കാനുള്ള വമ്പന്‍ കമ്പനികളുടെ നീക്കത്തിനെതിരെ സൈബര്‍ ലോകത്ത് നടന്ന ജനകീയ കാമ്പയിന്‍െറ വിജയംകൂടിയാണ് ട്രായ് തീരുമാനം. ഉള്ളടക്കവും സേവനവും പരിഗണിക്കാതെ എല്ലാ ഡാറ്റാ സേവനത്തിനും ഒരേ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് ട്രായ് വ്യക്തമാക്കി.  ഇതനുസരിച്ച് ഇനി മുതല്‍ ടെലികോം കമ്പനികള്‍ക്ക് സൗജന്യ ഫേസ്ബുക്, വാട്സ്ആപ്, ട്വിറ്റര്‍ എന്നിവ ഉള്‍പ്പെടുത്തിയ ഓഫര്‍ പ്ളാനുകള്‍ വില്‍ക്കാനാവില്ല. അതേസമയം, നിലവില്‍ ഇത്തരം പ്ളാനുകള്‍ ആക്ടിവേറ്റ് ചെയ്തവര്‍ക്ക് അതിന്‍െറ കാലാവധി അവസാനിക്കുന്നതുവരെ അത് തുടരാന്‍ അനുമതിയുണ്ട്. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ഇന്‍റര്‍നെറ്റ് സേവനം എല്ലാവര്‍ക്കും എത്തിക്കാനെന്ന പേരില്‍ ഫ്രീ ബേസിക് പദ്ധതിയിലൂടെ ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാനുള്ള  ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്‍െറ പദ്ധതിക്ക് കനത്ത തിരിച്ചടിയാണ് ട്രായ് തീരുമാനം. റിലയന്‍സുമായി ചേര്‍ന്ന് മൊബൈല്‍ ഫോണുകളില്‍ ഫേസ്ബുക് ഉള്‍പ്പെടെ ഏതാനും വെബ്സൈറ്റുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതാണ്  ഫ്രീ ബേസിക് പദ്ധതി.   ‘എയര്‍ടെല്‍ സീറോ’ എന്ന പേരില്‍ സമാനമായ പദ്ധതി നേരത്തേ എയര്‍ടെല്ലും അവതരിപ്പിച്ചിരുന്നു. വമ്പന്‍ വെബ്സൈറ്റുകള്‍ സൗജന്യമായി ലഭ്യമാക്കുമ്പോള്‍ അതിന് സാധിക്കാത്ത സമാനമായ സേവനം നല്‍കുന്ന ചെറുകിട, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പിന്തള്ളപ്പെട്ടുപോകുമെന്നും ഇത് സൈബര്‍ ലോകത്ത് അസമത്വത്തിന് വഴിവെക്കുമെന്നുമാണ്  ഫ്രീ ബേസിക്, എയര്‍ടെല്‍ സീറോ പദ്ധതികള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശം. ഇതേതുടര്‍ന്ന് നെറ്റ് സമത്വം ആവശ്യപ്പെട്ട് സൈബര്‍ ലോകത്ത് വലിയ തോതില്‍ കാമ്പയിന്‍ നടന്നു. പാര്‍ലമെന്‍റില്‍ ഉള്‍പ്പെടെ വിഷയം  ചര്‍ച്ചയായതോടെ ഇക്കാര്യത്തില്‍ ട്രായ്  പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ആരാഞ്ഞു. നെറ്റ് സമത്വത്തെ അനുകൂലിച്ച് 20 ലക്ഷത്തിലേറെ പ്രതികരണങ്ങളാണ് ട്രായിക്ക് ലഭിച്ചത്. നൈറ്റ് സമത്വത്തെ അനുകൂലിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറും ട്രായ് മുമ്പാകെ വെച്ചത്.
അതേസമയം, പ്രകൃതിക്ഷോഭംപോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ നിരക്കില്‍ ഇളവ് നല്‍കാന്‍ സേവനദാതാക്കള്‍ക്ക് അനുമതിയുണ്ട്. അങ്ങനെ ഇളവ് നല്‍കുമ്പോള്‍ ഏഴു ദിവസത്തിനകം ട്രായിയെ അറിയിച്ച് അംഗീകാരം നേടണമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു.

ഇന്‍റര്‍നെറ്റ് സമത്വം എന്നാല്‍
ഇന്‍റര്‍നെറ്റില്‍ എല്ലാ സൈറ്റുകളും സേവനങ്ങളും ഉപയോക്താവിന് ലഭ്യമാക്കാന്‍ തുല്യ സാഹചര്യം ഒരുക്കണമെന്നതാണ് നെറ്റ് സമത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൈറ്റിന്‍െറ  വലുപ്പത്തിന്‍െറയും ജനകീയതയുടേയും (ഉദാ. ഫേസ്ബുക്, ഗൂഗ്ള്‍) അടിസ്ഥാനത്തില്‍ അവക്ക് വ്യത്യസ്ത നിരക്ക് ഈടാക്കിക്കൂടാ.
 നെറ്റ് സമത്വം ഇല്ലാതായാല്‍ ഇന്‍റര്‍നെറ്റ് ലഭ്യതയുടെ നിയന്ത്രണം സേവനദാതാക്കളായ കമ്പനികളുടെ കൈകളിലാകും.  ചില സൈറ്റുകള്‍ സൗജന്യമായി നല്‍കാനും ചിലത് വേഗത്തില്‍ ലഭ്യമാക്കാനും കമ്പനികള്‍ക്ക് സാധിക്കും. ഇതോടെ സേവനദാതാക്കളുമായി കരാറിലത്തെുന്ന വമ്പന്‍ വെബ്സൈറ്റുകള്‍, കരാറുണ്ടാക്കാന്‍ ത്രാണിയില്ലാത്ത ചെറുകിട സൈറ്റുകളെ പിന്നിലേക്ക് തള്ളിമാറ്റുകയും സൈബര്‍ ലോകത്ത് അസമത്വം കൊടികുത്തിവഴുന്ന നിലവരികയും ചെയ്യും.  
പ്രത്യേക സേവനത്തിന് അധിക ചാര്‍ജ് നല്‍കണമെന്ന് അടുത്ത കാലത്തായി ടെലികോം സേവന ദാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വാട്സ് ആപ്, സ്കൈപ് പോലുള്ള ആപ്ളികേഷനുകളിലെ വോയ്സ് കോളുകള്‍ക്ക് എയര്‍ടെല്‍ 2014 ഡിസംബറില്‍ പ്രത്യേക ചാര്‍ജ് ഈടാക്കുകയും ചെയ്തു. ഇതോടെയാണ് നെറ്റ് സമത്വത്തിനായുള്ള സൈബര്‍ ജനകീയ കാമ്പയിനുകള്‍ രാജ്യത്ത് ആരംഭിച്ചത്.
വിഷയത്തില്‍ പൊതുജനാഭിപ്രായം അറിയാന്‍ ട്രായ് കഴിഞ്ഞ മാര്‍ച്ചില്‍ 20 ചോദ്യാവലികള്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് പ്രതികരണങ്ങളാണ് ട്രായിക്ക് ലഭിച്ചത്. തുടര്‍ന്ന്, ഇതേക്കുറിച്ച് പഠനം നടത്തുന്നതിനായി എ.കെ. ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയെ ചുമതലപ്പെടുത്തി.
നെറ്റ് സമത്വം തുടരണമന്ന നിര്‍ദേശത്തോടെ, കഴിഞ്ഞ ജൂലൈയില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇന്‍റര്‍നെറ്റില്‍ വിവേചനം വേണ്ടെന്ന് ട്രായ് ടെലികോം കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.