ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി മഹല്ലുകള്‍ക്ക് മുസ്ലിം വനിതാ ഖാദിമാരെ വാര്‍ത്തെടുക്കാന്‍ മുസ്ലിം വനിതാ സംഘടന പദ്ധതി തയാറാക്കി. അഹ്മദാബാദിലെ സാകിയ സോമനും മുംബൈയിലെ സഫിയ നിയാസും നേതൃത്വം നല്‍കുന്ന ഭാരതീയ മുസ്ലിം മഹിളാ ആന്ദോളനാണ് പദ്ധതി തയാറാക്കിയത്.
വനിതാ ആക്ടിവിസ്റ്റുകളും പണ്ഡിതകളും ചേര്‍ന്ന് മുന്നോട്ടുകൊണ്ടുപോകുന്ന ഇസ്ലാമിക ലോകത്തെ സ്ത്രീപക്ഷവാദ പ്രസ്ഥാനത്തിന്‍െറ ഭാഗമാണ് പദ്ധതിയെന്ന് സംഘാടകരായ സാകിയയും സഫിയയും പറഞ്ഞു. മനുഷ്യാവകാശങ്ങളിലും ലിംഗസമത്വത്തിലും വിശ്വാസമില്ലാത്ത യാഥാസ്ഥിതിക മതവാദികള്‍ അട്ടിമറിച്ച ഇസ്ലാമിന്‍െറ മാനുഷികവും നീതിപൂര്‍വകവും സമാധാനപൂര്‍ണവുമായ മുഖം സമൂഹസമക്ഷം അവതരിപ്പിക്കുകയെന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും ഇരുവരും അവകാശപ്പെട്ടു. ഇസ്ലാമിക ദൈവശാസ്ത്ര പഠനത്തിന് ലക്ഷ്യമിട്ട് സംഘടന സ്ഥാപിച്ച ‘ദാറുല്‍ ഉലൂം നിസ്വാന്‍’ കേന്ദ്രീകരിച്ചായിരിക്കും വനിതാ ഖാദിമാര്‍ക്ക് പരിശീലനം നടക്കുകയെന്ന് ഇരുവരും അറിയിച്ചു.
രാജസ്ഥാനിലെ ജയ്പുരിലാണ് ഖാദിയാകുന്നതിന് വനിതകള്‍ക്കുള്ള പരിശീലനം നല്‍കുക. വനിതാ ഖാദിമാരില്‍ ആദ്യബാച്ചിനുള്ള പരിശീലനത്തിന് തുടക്കമിട്ടുവെന്നും ഇരുവരും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഖാദിമാരാകാനായി തയാറെടുത്ത 30 പേര്‍ക്കാണ് ദാറുല്‍ ഉലൂം നിസ്വാന്‍ ആദ്യ ബാച്ചില്‍ പരിശീലനം നല്‍കുക. ഇതിനായി തയാറാക്കിയ പാഠ്യക്രമത്തില്‍ ദൈവശാസ്ത്രം, ഇസ്ലാമിക ചരിത്രം, ഇന്ത്യന്‍ ഭരണഘടന, ഇസ്ലാമിക മൂല്യങ്ങളും തത്ത്വങ്ങളും, ഇസ്ലാമിക നിയമശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലന പരിപാടിയുടെ ഭാഗമായി ഇസ്ലാമിലെ ലിംഗസമത്വം, ഇതര രാജ്യങ്ങളിലെ കുടുംബ നിയമങ്ങള്‍ എന്നിവയിലും ഖാദിമാരെ അവഗാഹമുള്ളവരാക്കും. ഈ വര്‍ഷാവസാനത്തോടെ ആദ്യ ബാച്ച് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.