മസൂദ് അസ്ഹർ അഫ്ഗാനിസ്താനിലേക്ക് കടന്നിരിക്കാമെന്ന് പാകിസ്താൻ

ന്യൂഡൽഹി: കഴിഞ്ഞ മാസം പത്താൻകോട്ടിലുണ്ടായ ആക്രമണത്തിന്‍റെ സൂത്രധാരനെന്ന് കരുതുന്ന ജയ്ശെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ പാകിസ്താൻ വിട്ടെന്ന് സൂചന. ഇസ്ലാമാബാദിലെ ഉന്നത ഉദ്യോഗസ്ഥരാണ് മസൂദ് അസ്ഹർ അഫ്ഗാനിസ്താനിലേക്ക് കടന്നിരിക്കാമെന്ന് സൂചന നൽകിയത്.

പത്താൻകോട്ട് വ്യോമത്താവളത്തിലെ ആക്രമണത്തിന് പിറകിൽ നിരോധിത സംഘടനയായ ജെയ്ശെ മുഹമ്മദും തലവൻ മസൂദും ആണെന്ന് ഇന്ത്യ നേരത്തേതന്നെ  പ്രഖ്യാപിച്ചിരുന്നു. ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ച പാക് പ്രധാനമന്ത്രി നവാസ് ശെരീഫ്, അക്രമത്തിനെതിരെ പാകിസ്താന്‍റെ ഭാഗത്ത് നിന്ന് ഉടൻ നടപടിയുണ്ടാകുമെന്ന് ഇന്ത്യക്ക് ഉറപ്പു നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മസൂദും കൂട്ടാളികളും ഇസ്ലാമാബാദിൽ വീട്ടുതടങ്കലിലാണെന്ന വാർത്ത പ്രചരിച്ചത്. ജയ്ശെ മുഹമ്മദിന്‍റെ കേന്ദ്രങ്ങൾ റെയ്ഡ് ചെയ്ത് അടച്ചുപൂട്ടിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് പാകിസ്താനിലെ ഉന്നതവൃത്തങ്ങൾ തന്നെ ഈ വാർത്ത നിഷേധിച്ച് കൊണ്ട് രംഗത്തെത്തി.

ഇത്തരം പരസ്പര വിരുദ്ധമായ വാർത്തകൾ പ്രചരിക്കുന്നതിനിടക്കാണ് ചില ജയ്ശെ മുഹമ്മദ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇവരിൽ മസൂദ് ഉൾപ്പെട്ടിട്ടില്ലെന്നും പാകിസ്താൻ ഉന്നത കേന്ദ്രങ്ങൾ തന്നെ സ്ഥിരീകരിക്കുന്നത്. മാത്രമല്ല, മസൂദ് എവിടെയാണെന്ന് കണ്ടുപിടിക്കാൻ പാകിസ്താനായിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ എൻ.ഡി.ടി.വിയോട് വ്യക്തമാക്കി. മസൂദ് അഫ്ഗാനിസ്താനിൽ ഒളിവിലായിരിക്കാമെന്നാണ് പാക് വൃത്തങ്ങൾ നൽകുന്ന സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.